കോവിഡിനെ തോല്‍പ്പിക്കുന്നതിനോടൊപ്പം വരാനിരിക്കുന്ന വില്ലന്മാരെയും സൂക്ഷിക്കാം

കോവിഡ് എന്ന മഹാമാരിയിലേക്ക് ലോകം പ്രവേശിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും നല്ലൊരു നാളേക്കായി ലോകം പൊരുതുകയാണ്. കോവിഡ് 19 രോഗം പടികടന്നു പോയിട്ടില്ല. എന്നാല്‍ ഇനി വരാനിരിക്കുന്നത് മഴക്കാലമാണ്. കോവിഡിനെ തോല്‍പിക്കുന്നതിനോടൊപ്പം സൂക്ഷിക്കേണ്ട ചില വില്ലന്മാരും മഴക്കാലത്ത് കടന്നു വരാന്‍ കാത്തുനില്‍പുണ്ട്. അവരെക്കൂടി നാം തോല്‍പിക്കേണ്ടതുണ്ട്. ഇതില്‍ പനി തന്നെയാണു മുഖ്യം. സാധാരണ പനി മുതല്‍ ഡെങ്കിപ്പനി, എച്ച്1 എന്‍1, എലിപ്പനി, മലമ്പനി വരെ പല തരം പനികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെ. ടൈഫോയ്ഡ് വയറിളക്കം, മഞ്ഞപ്പിത്തം അങ്ങനെ മഴക്കാല രോഗങ്ങള്‍ വേറെയുമുണ്ട്. ചികിത്സയ്‌ക്കൊപ്പം മറ്റുള്ളവരിലേക്കു പടരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതും പ്രധാനം. സ്വയം ചികിത്സ ഒഴിവാക്കുക. പനി മാറുന്നില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടാന്‍ മടിക്കരുത്.

പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസം മുട്ടല്‍, നെഞ്ചു വേദന, വയറിളക്കം, ഛര്‍ദി തുടങ്ങി വൈറല്‍ പനിക്കും കോവിഡ് 19നും സമാനമായ ലക്ഷണങ്ങളാണ് എച്ച് 1 എന്‍ 1നുമുള്ളത്. ശരീര സ്രവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താനാകൂ. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അണുക്കള്‍ വായുവിലെത്തി മറ്റുള്ളവരിലേക്കു പകരും. രോഗ ബാധിതരെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗം പകരാനുള്ള സാധ്യത ഏറെ. പനി ബാധിതരുമായി അടുത്തിടപെടേണ്ടിവരുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും മറയ്ക്കുക. രോഗി ഉപയോഗിച്ച വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം പടരും. കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുക.

സാധാരണ പനിയെന്ന് സ്വയം ചിന്തിച്ച് അപകടാവസ്ഥയില്‍ ചികിത്സ തേടുന്നതിനേക്കാളും നല്ലത് ആരംഭഘട്ടത്തിലെ ചികിത്സ തന്നെയാണ്. പനിപോലുള്ള അസുഖങ്ങള്‍ മാറിയാലും ക്ഷീണിതരായവര്‍ ശരീരത്തെ പഴയരീതിയില്‍ എത്തുന്നത് വരെ വിശ്രമിക്കുന്നതാണ് മികച്ച തീരുമാനം.

SHARE