വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി റാങ്കിലേക്ക് താഴ്ത്തണം; കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കില്‍ നിന്നും എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സംസ്ഥാനം കത്തയച്ചു. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഇക്കാര്യം മുന്നോട്ടുവെച്ചിരിക്കുന്നത്. കേഡര്‍ തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എക്‌സ് കേഡര്‍ തസ്തികയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. അതേസമയം ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താനും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കേഡര്‍ റിവ്യൂ സമിതി യോഗത്തിലാണ് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാറുള്ളത്. എന്നാല്‍ 2016ലാണ് അവസാനമായി യോഗം ചേര്‍ന്നത്. മൂന്നു വര്‍ഷം കൂടുമ്പോഴാണ് കേഡര്‍ റിവ്യൂ സമിതി യോഗം ചേരാറുള്ളത്. അതിനാല്‍ സംസ്ഥാനത്തിന്റെ അപേക്ഷ അസാധുവാകാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.