കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് കേരള സര്‍ക്കാര്‍ യാത്ര ടിക്കറ്റ് നിരക്ക് ഈടാക്കി

കൊച്ചി: കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകളില്‍ തിരികെ നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്ര ടിക്കറ്റ് നിരക്ക് ഈടാക്കി സംസ്ഥാന സര്‍ക്കാര്‍. വെള്ളവും ഭക്ഷണവും ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ സൗജന്യമായി സര്‍ക്കാര്‍ ചെലവിലാണ് കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതെന്ന രീതിയിലാണ് സമൂഹ്യ മാധ്യമങ്ങളില്‍ ഇടത് പക്ഷ പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരണം നടത്തുന്നത്.

എന്നാല്‍ ഓരോ തൊഴിലാളികളില്‍ നിന്നും നിശ്ചിത ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ഇവരെ ഭരണകൂടം കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയാക്കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് കൂടി നല്‍കേണ്ടി വന്നത് ഇരുട്ടടിയായി. സ്ലീപ്പര്‍ ടിക്കറ്റ് ചാര്‍ജാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ അറിയിച്ചു. വെള്ളിയാഴ്ച ആലുവയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് തുക വാങ്ങിയെന്ന് ഇവര്‍ പരാതിപ്പെട്ടു. എന്നാല്‍ യാത്രാക്കൂലിയാണ് ശേഖരിച്ചതെന്നും അത് അവരവര്‍ തന്നെ വഹിക്കണമെന്നുമായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ മറുപടി.

അതേസമയം, അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന അനുസരിച്ചാണ് പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നതെന്നും റെയില്‍വേ കൗണ്ടര്‍ വഴിയോ മറ്റോ ഒരാളില്‍ നിന്നും ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള തുക റെയില്‍വേ നേരിട്ട് ശേഖരിക്കുന്നില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിനിലെ യാത്രക്കാര്‍ ആരായിരിക്കണമെന്ന് സര്‍ക്കാരുകളാണ് തീരുമാനിക്കുന്നത്. ഇതിന്റെ ചെലവ് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പായി സര്‍ക്കാര്‍ റെയില്‍വേക്ക് നല്‍കണം. എന്നാല്‍ ഈ തുക യാത്രക്കാരില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദേശമില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തില്‍ നിന്ന് മടങ്ങിയ തൊഴിലാളികളില്‍ നിന്ന് സര്‍ക്കാര്‍ ടിക്കറ്റ് തുക ഈടാക്കി. ഈ തുകയാണ് റെയില്‍വേക്ക് അടച്ചത്. ഇതു മറച്ചുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ‘തള്ളല്‍’ പ്രചരണം.

ഇന്നലെയും വെള്ളിയാഴ്ചയുമായി മൂന്നു ട്രെയിനുകളാണ് എറണാകുളം ജില്ലയില്‍ നിന്ന് ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചത്. തിരുവനന്തപുരം, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഇന്നലെ പ്രത്യേക ട്രെയിന്‍ ഉണ്ടായി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 1200 ഒഡീഷ സ്വദേശികളുമായി വെള്ളിയാഴ്ച രാത്രിയാണ് ആദ്യ ട്രെയിന്‍ ഭുവനേശ്വറിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പാക്കിയ ശേഷം തൊഴിലാളികളെ ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ട്രെയിന്‍ പുറപ്പെടുന്ന സമയം വൈകിട്ട് 7 മണിക്ക് ആണെന്ന് അറിയിച്ചെങ്കിലും ആദ്യ സംഘം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും 7.30 കഴിഞ്ഞിരുന്നു. രാത്രി 10 മണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്. എറണാകുളം സൗത്തില്‍ നിന്നും ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ഇന്നലെ രണ്ടാമതൊരു ട്രെയിന്‍ കൂടി പുറപ്പെട്ടു. ആലുവ സ്റ്റേഷനില്‍ നിന്ന് ബിഹാറിലേക്കും ഇന്നലെ ട്രെയിന്‍ യാത്ര തുടങ്ങി. രണ്ടു ട്രെയിനുകളിലുമായി 1200 തൊഴിലാളികള്‍ വീതമാണുള്ളത്. ഈ ട്രെയിനുകള്‍ക്ക് മറ്റൊരിടത്തും സ്റ്റോപ്പുകളുണ്ടാവില്ല. ട്രെയിനിനുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ സിആര്‍പിഎഫ് സംഘം യാത്രയിലുടനീളം അനുഗമിക്കുന്നുണ്ട്. ഒരു കോച്ചില്‍ രണ്ടു സിആര്‍പിഎഫ് ഉദ്യോഗസ്ഥരുണ്ട്.