പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയതോടെ ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന സര്‍ക്കാര്‍- രാജ്ഭവന്‍ തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ചീഫ് സെക്രട്ടറിയോടാണ് ഇന്നലെ ഗവര്‍ണര്‍ വിശദീകരണം തേടിയത്. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നേരത്തെതന്നെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനാ തലവനായ തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചതിലാണ് ഗവര്‍ണര്‍ അതൃപ്തി അറിയിച്ചത്.
വാര്‍ഷിക ബജറ്റിനു മുന്നോടിയായുള്ള നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് 10 ദിവസം മാത്രം ശേഷിക്കെ സര്‍ക്കാരും രാജ്ഭവനും രണ്ടുതട്ടില്‍ നില്‍ക്കുന്നത് അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന്റെ ‘നയങ്ങള്‍’ ആണ് ഗവര്‍ണര്‍ നിയമസഭയില്‍ പ്രഖ്യാപിക്കേണ്ടത്. സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ഈ ഘട്ടത്തില്‍ നയപ്രഖ്യാപനം ‘ഏത് രീതിയില്‍’ നിര്‍വഹിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചിരുന്നു. നിയമസഭ ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കാനുണ്ടായ സാഹചര്യം ചോദ്യം ചെയ്താണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. തനിക്ക് വ്യക്തത വരാത്ത ഒരു കാര്യത്തിലും ഒപ്പ് വെക്കില്ലെന്നും ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയത്. എന്തടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും കത്തില്‍ പറയുന്നു.കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം .സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രതികരണത്തിന് തയാറായത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാരിന് മുകളില്‍ ഒരു റസിഡന്റ് വേണ്ടെന്നാണ് പിണറായി നല്‍കിയ മറുപടി. സംസ്ഥാനത്ത് രണ്ട് അധികാരകേന്ദ്രങ്ങള്‍ പാടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കഴിഞ്ഞദിവസം വ്യക്തമാക്കി. ഇതിനു പുറമെ ദേശാഭിമാനി ഗവര്‍ണര്‍ക്കെതിരെ എഡിറ്റോറിയലും എഴുതി. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്നും ഇപ്പോഴത്തെ ഗവര്‍ണര്‍ അത് മറക്കുകയാണെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടലെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയപ്പോള്‍ ബി.ജെ.പി നേതാക്കള്‍ ഒഴികെ മറ്റാരും ഗവര്‍ണറെ ന്യായീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്കെതിരെ സി.പി.എം നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. പ്രമേയം നിയമ വിരുദ്ധമാണെന്ന ഗവര്‍ണറുടെ പരസ്യ വിമര്‍ശനമാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ഗവര്‍ണര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ വിമര്‍ശനം. സകല പരിധികളും ലംഘിച്ചുള്ള ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും സി.പി.എം വ്യക്തമാക്കിയിരുന്നു. അതേസമയം താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനായ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് അനുചിതമാണെന്നുമാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്.