കേരളത്തെ കടക്കെണിയിലാക്കി ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളെല്ലാം പാടെ സ്തംഭിച്ചിട്ട് ഒരു മാസമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്. ട്രഷറിയുടെ പ്രവര്‍ത്തനവും പൂര്‍ണ്ണ സ്തംഭനത്തിലാണ്. ജീവനക്കാര്‍ക്ക് ശമ്പളവും, മുഖ്യമന്ത്രിക്ക് വിദേശയാത്രയ്ക്കുള്ള പണവും മാത്രമാണ് ട്രഷറിയില്‍ നിന്ന് നവംബര്‍ മാസത്തില്‍ നല്‍കിയത്. ടെലിഫോണ്‍ ചിലവിനുള്ള 750 രൂപയുടെ ബില്ല് പോലും മാറിയെടുക്കാന്‍ കഴിയാത്തത്ര ഗൂരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം ചെന്ന് പെട്ടിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഒരു കുഴപ്പവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം പാടെ സ്തംഭിച്ചിരിക്കുകയാണ് എന്നതാണ് യഥാര്‍ത്ഥ്യം. നവംബര്‍ മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു ബില്ലും പാസായിട്ടില്ല.

30.21 ശതമാനം മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ലക്കും ലഗാനുമില്ലാത്ത ധൂര്‍ത്തും, സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം
കരാറുകാര്‍ക്ക് ഈ വര്‍ഷത്തെ മാത്രം കുടിശിക 1470.17 കോടി രൂപയാണ്. പൊതുമരാമത്ത് (നിരത്ത്, പാലം) പൊതുമരാമത്ത് (കെട്ടിടം), ജലവിഭവ വകുപ്പ് എന്നിവയില്‍ 2019 ജനുവരി ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള കുടിശികയാണ് ഈ 1470.17 കോടിയെന്നാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നല്‍കിയ മറുപടി. ഇത് കാരണം കരാറുകാര്‍ പണിനിര്‍ത്തി വച്ചിരിക്കുകയാണ്. ജി.എസ്.ടി വിഹിതമായി കേന്ദ്രം നല്‍കാനുള്ള 1600 കോടി രൂപ ഇതുവരെ നല്‍കാത്തതില്‍ പ്രതിപക്ഷം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്രത്തിന്റെ നിലപാട് ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ല. ജി.എസ് ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തിത്തരാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. അവര്‍ വാക്ക് പാലിക്കാത്തത് കരാര്‍ ലംഘനവും കടുത്ത ദ്രോഹവുമാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതും ന്യായീകരിക്കാവുന്ന കാര്യമല്ല. എന്നാല്‍ 1600 കോടി കിട്ടാത്തതാണ് സംസ്ഥാനത്തിന്റെ മുഴുവന്‍ പ്രതിസന്ധിക്കും കാരണം എന്ന ധനമന്ത്രിയുടെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

  സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ യഥാര്‍ഥ കാരണം ധനനമന്ത്രിയുടെ കഴിവില്ലായ്മയും സര്‍ക്കാരിന്റെ ധൂര്‍ത്തും പിടപ്പ് കേടുമാണ്. പാഴ്ചിലവുകള്‍ നിയന്ത്രിക്കുന്നതിനോ കിട്ടാനുള്ള നികുതി പിരിച്ചെടുക്കുന്നതിനോ സര്‍ക്കാരിന് കഴിയുന്നില്ല. സംസ്ഥാനത്തിന്റെ നികുതി പിരവില്‍ ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതിനെക്കാള്‍ 5623 കോടി രൂപയുടെ കുറവുണ്ടാവുമെന്ന് ധനകാര്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നികുതി കുടിശിക ഏതാണ്ട്  മുപ്പതിനായിരത്തോളം കോടി (30,000 കോടി) രൂപയാണ്. ഇത് പിരിച്ചെടുക്കാന്‍ എന്തു കൊണ്ടാണ് സര്‍ക്കാരിന് കഴിവില്ലാതെ പോയത്?. വാറ്റ് കുടിശിക മാത്രം 13,305 കോടി രൂപ ഉണ്ടെന്നാണ് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതില്‍ തന്നെ ഉടനെ പിരിച്ചെടുക്കാവുന്നത് 3689 കോടി രൂപയാണ്. പക്ഷേ ഇത് വരെ ആകെ പിരിച്ചത്119.57 കോടി മാത്രവും. ഇതിന് ഉത്തരവാദി ആരാണെന്ന് ധനമന്ത്രി വ്യക്തമാക്കണം. നമുക്ക് പിരിച്ചെടുക്കാവുന്ന നികുതി കുടിശിക പോലും പിരിച്ചെടുക്കാന്‍ കഴിയാത്ത കഴിവ് കെട്ട മന്ത്രിസഭയാണിതെന്നതാണ് സത്യം. നികുതിയേതര വരുമാനവും കുത്തനെ ഇടിഞ്ഞു. ഈ വര്‍ഷം 15076 കോടി രൂപയാണ് നിരുതി ഇതര വരുമാനമായി പ്രതീക്ഷിച്ചതെങ്കിലും ആകെ കിട്ടിയത് 4831 കോടി രൂപ മാത്രമാണ്. സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഇതൊക്കെ കാണിക്കുന്നത്. അതേസമയം വരുമാനം കുറഞ്ഞപ്പോള്‍ ചിലവ് വന്‍തോതിലാണ് കുതിച്ചുയര്‍ന്നത്. കിട്ടാവുന്ന എല്ലായിടത്ത് നിന്നും പണം കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാര്‍.

കടം വാങ്ങി സംസ്ഥാനത്തെ കടക്കെണിയില്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒരു വിധ വിഷമവും പ്രകടിപ്പിക്കുന്നില്ല. കടപ്പത്രങ്ങള്‍ വഴി ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ കടം വാങ്ങിയത് 12,596 കോടി രൂപയാണ്. കഴിഞ്ഞ 60 വര്‍ഷമായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആകെ ഉണ്ടാക്കിയ കടത്തിന്റെ ഏതാണ്ട് അത്രയും കടം മൂന്നര വര്‍ഷം കൊണ്ടു തന്നെ ഈ സര്‍ക്കാര്‍ ഉണ്ടാക്കി വച്ചു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ കടബാദ്ധ്യത ഒന്നര ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത് രണ്ടര ലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2016 മാര്‍ച്ചില്‍ 1,57,370.33 കോടി രൂപയായിരുന്ന കടബാദ്ധ്യത 31.8.19ല്‍ 2,49,559.34 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടിയല്‍ ഒരു ലക്ഷം കോടി രൂപയാണ് കടബാദ്ധ്യത വര്‍ദ്ധിച്ചത്. കിഫ്ബി വഴി ഉണ്ടാക്കിയ കടം ഇതിന് പുറമെയാണ്.

ആളോഹരി കടമാകട്ടെ 72,430 രൂപയാണ് ഇപ്പോള്‍. അതായത് ഈ സര്‍ക്കാരിന് കീഴില്‍ ജനിച്ചു വീഴുന്ന ഓരോ കുട്ടിയും 72,430 രൂപയുടെ കടക്കരനാണെന്ന് അര്‍ത്ഥം.
ആപത്ത് ഇതൊന്നുമല്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളം മുക്കാല്‍ ലക്ഷം കോടി രൂപ മുതലും പലിശയും സഹിതം തിരിച്ചടക്കേണ്ടി വരുമെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ മുന്നറിയിപ്പ്. നിത്യച്ചിലവിന് കടം വാങ്ങേണ്ടി വരുന്ന സംസ്ഥാനം ഈ തുക എവിടെ നിന്ന് കൊടുക്കും?. വന്‍ കടക്കെണിയിലേക്കാണ് ഈ സര്‍ക്കാര്‍ കേരളത്തെ നയിക്കുന്നത്. കേരളം കടംകയറി മുടിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. ഈ സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പൂര്‍ണ്ണമായി പരാജയപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. വിഭവ സമാഹരണം നടത്താനായില്ല. പാഴ് ചിലവുകള്‍ നിയന്ത്രിക്കാനും കഴിഞ്ഞില്ല. 25 ശതമാനം നികുതി വളര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിച്ചെങ്കിലും 10 ശതമാനത്തിന് താഴെയാണ് വളര്‍ച്ചാ നിരക്ക്. അതേ സമയം ചിലവ് 20 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. ധനമന്ത്രി പൂര്‍ണ്ണ പരാജയമാണ്. വാചക കസര്‍ത്തല്ലാതെ അദ്ദേഹത്തിന് ധനകാര്യത്തില്‍ നിയന്ത്രണമില്ല.

മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍
ഒരു മുഖ്യമന്ത്രി ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രി തലത്തില്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ക്കായിരിക്കണം യാത്ര എന്നേ ഉള്ളൂ. പുതിയതായ ഒരു നയരൂപീകരണം ആവശ്യമുള്ളപ്പോഴാണ് മന്ത്രിതല അല്ലെങ്കില്‍ മുഖ്യമന്ത്രി തല ചര്‍ച്ചകളും, സന്ദര്‍ശനവുമൊക്കെ ആവശ്യമുള്ളത്. നിലവിലുള്ള നയത്തിനനുസരിച്ചുള്ള സഹകരണത്തിന് ബന്ധപ്പെട്ട തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യമേ ആവശ്യമുള്ളൂ.
ഇപ്പോള്‍ മുഖ്യമന്ത്രി നടത്തുന്ന ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തില്‍ കാണാന്‍ സാധിക്കുന്നത്, സെക്രട്ടറി തലത്തില്‍ പോലും പ്രാതിനിധ്യം ആവശ്യം ഇല്ലാത്ത ചടങ്ങുകള്‍ക്കും, കരാര്‍ ഒപ്പിടലുകള്‍ക്കുമാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും വിദേശ യാത്ര നടത്തിയിരിക്കുന്നത് എന്നാണ്. ഒന്ന്, ഇത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല, രണ്ട്, ഇത് അനാവശ്യമായ ധൂര്‍ത്ത് ആണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്ന നടപടിയല്ല.

 ജപ്പാനിലെ ഒസാക്ക യുണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സാന്‍വിച്ച് കോഴ്‌സുകള്‍ നടത്താന്‍ തീരുമാനിച്ചതാണ് ഒരു പ്രധാന നേട്ടമായി ചൂണ്ടികാണിക്കുന്നത്. മുഖ്യമന്ത്രിയും ഒസാക്ക യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായാണ് കാണുന്നത്. രണ്ട് യൂണിവേഴ്‌സിറ്റികള്‍ തമ്മില്‍ സഹകരിക്കുന്ന ഒരു കാര്യം. വൈസ്ചാന്‍സലര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട ഒന്ന് മാത്രമാണിത്. ഇതിനെന്തിനാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്നത്? മിനിമം മന്ത്രിതല ചര്‍ച്ച എങ്കിലും വേണ്ട കാര്യത്തിനു മാത്രമേ മുഖ്യമന്ത്രി പോകേണ്ടതുള്ളൂ. മറ്റൊരു കാര്യം ഒരു ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം, ഹിരോഷിമാ ദുരന്തസ്മാരക സന്ദര്‍ശനം എന്നിവയാണ്. ഇതിലൊന്നും തന്നെ സംസ്ഥാന താത്പര്യം ഇല്ല.

ടോക്യോയിലെ ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ സെമിനാറാണ് മറ്റൊന്ന്. സാധാരണ സെക്രട്ടറി തലത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാണിത്. ജപ്പാനില്‍ നിന്നുള്ള വ്യവസായ മന്ത്രി പോലും പങ്കെടുത്തിട്ടില്ല ഈ സെമിനാറില്‍. എന്ന് മാത്രമല്ല, ഈ സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ഇന്ത്യന്‍ അംബാസഡര്‍ മാത്രമാണ്. ഈ ചടങ്ങില്‍ പങ്കെടുത്തത് തന്നെ മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല. ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിനു തോഷിബാ കമ്പനി താത്പര്യപത്രം നല്‍കി എന്നാതാണ് മറ്റൊരു കാര്യം. ഒരു താത്പര്യപത്രം വാങ്ങാന്‍ ആണോ മുഖ്യമന്ത്രി ജപ്പാനില്‍ പോകുന്നത്? അതും തോഷിബായുടെ ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടറുടെ കയ്യില്‍ നിന്നും ഇ മെയിലില്‍ സ്വീകരിക്കാവുന്ന ഒരു കാര്യം മാത്രമാണ് ഇത്. താത്പര്യപത്രം പരിശോധിച്ച് എല്ലാ കാര്യങ്ങളിലും ധാരണയായി ഒരു എം.ഒ.യു ഒപ്പിടുന്ന കാര്യമാണെങ്കില്‍ പോലും, അത് സെക്രട്ടറി തലത്തില്‍ ചെയ്യണ്ട ഒന്ന് മാത്രമാണ്. തോഷിബായുടെ ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടറുമായി ധാരണ ഒപ്പിടാന്‍ മാക്‌സിമം ഡല്‍ഹിയില്‍ വരെ പോയാല്‍ പോരെ? അതിനു ജപ്പാനില്‍ എന്തിനു പോകണം? ഇവിടെ ധാരണാപത്രം പോലുമല്ല, വെറും താത്പര്യ പത്രം കൈമാറുന്ന ഒരു ചടങ്ങായിരുന്നു നടന്നത്. മനസ്സിലായിടത്തോളം, ടൂറിസം ഡയറക്ടര്‍ മാത്രം പങ്കെടുക്കണ്ട ഒരു പരിപാടിക്കാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും സംഘവും ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്.

സാധാരണ ഒന്നിലധികം സ്ഥലങ്ങളില്‍ സന്ദര്‍ശനം ഉണ്ടാകുമ്പോള്‍, ബന്ധപെട്ട ഉദ്യോഗസ്ഥരും,മന്ത്രിമാരും അവര്‍ ഔദ്യോഗികമായി പങ്കെടുക്കണ്ട സ്ഥലങ്ങളിലും, ദിവസങ്ങളിലും മാത്രമാണ് യാത്ര ചെയ്യുന്നത്. ഇവിടെ കാണാന്‍ സാധിക്കുന്നത്, എല്ലാ സ്ഥലത്തും, എല്ലാവരും പോകുന്നതാണ്. അങ്ങനെ പോകാന്‍ ഇത് ഉല്ലാസ യാത്ര അല്ല. ഖജനാവില്‍ നിന്നും പൊതു പണം ചിലവഴിച്ചുള്ള ഔദ്യോഗിക സന്ദര്‍ശനമാണ്. മുന്‍പെങ്ങും ഇല്ലാത്ത വിധം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, മൂന്നോ നാലോ, ഉദ്യോഗസ്ഥര്‍ സ്വതന്ത്രമായി യാത്ര ചെയ്ത് ധാരണയില്‍ ആകേണ്ട കാര്യത്തിനു, 13 അംഗ സംഘവുമായി ടൂര്‍ പോയത്, തീര്‍ത്തും അനാവശ്യമായ കാര്യമാണ്. ഈ കാര്യത്തില്‍ അടക്കം ഈ ഗവണ്‍മന്റ് കാണിക്കുന്ന ധൂര്‍ത്ത്, കേരള ജനതയോടുള്ള വെല്ലുവിളിയാണ്.