കൊലക്കേസ് പ്രതികളടക്കമുള്ളവര്‍ക്കായി വാദിക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ

തിരുവനന്തപുരം: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടവര്‍ അടക്കമുള്ള പ്രതികള്‍ക്കായി വാദിക്കാന്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഭിഭാഷകര്‍ക്കായി ചെലവഴിച്ചത് 4 കോടി 75 ലക്ഷം രൂപ. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് കോടികള്‍ മുടക്കി പുറത്തു നിന്ന് അഭിഭാഷകരെ കെട്ടിയിറക്കി കോടികള്‍ ധൂര്‍ത്തടിച്ചത്. 13 കേസുകളിലാണ് സുപ്രിം കോടതിയില്‍ നിന്നുള്‍പ്പെടെയുള്ള അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ച് വാദം നടത്തിയത്. ഇവര്‍ക്ക് വേണ്ടിയാണ് ഭീമമായ തുക ചെലവഴിച്ചത്്. കാസര്‍കോട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസ് സി.ബി.ഐക്ക് വിടണമെന്ന ഹര്‍ജിയിലും ഷുഹൈബ് വധക്കേസിലുമുള്‍പ്പെടെയാണ് കനത്ത് ഫീസ് നല്‍കി സര്‍ക്കാര്‍ അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹരജിക്കെതിരെ വാദം നടത്തുന്നതിനും പുറത്തു നിന്ന് വക്കീലുമാരെ എത്തിച്ചിരുന്നു.

അഡ്വക്കറ്റ് ജനറലിന്റെ നേത്വതൃത്തില്‍ 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ശമ്പളം വാങ്ങുമ്പോഴാണ് ഈ ഇറക്കുമതി നടന്നത്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്. പുറമെ എജി, രണ്ട് അഡീ. എജി, ഡി.ജി.പി, അഡി. ഡി.ജി.പി, സ്‌റ്റോറ്റ് അറ്റോണി, സെപ്ഷ്യല്‍ ഗവ. പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിംഗ് ഫീസും നല്‍കുന്നുണ്ട്. ഇത്രയും വലിയ തുക ശമ്പളമായി സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മാസം തോറും ചെലവഴിക്കുമ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍ തുക ചെലവഴിച്ച് അഭിഭാഷകരെ എത്തിച്ചത്. ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കരുത് എന്ന് വാദിക്കാന്‍ 34 ലക്ഷം രൂപ ചെലവഴിച്ചു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ വാദിച്ച അഭിഭാഷകന് നല്‍കിയത് 1.20 കോടി രൂപയാണ്. പൊതുപ്രവര്‍ത്തകനായ ധനരാജിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.