അടിയന്തര നിയമസഭാ സമ്മേളനം വിളിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് അടിയന്തരമായി നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കും. പുതുവര്‍ഷത്തിന് മുമ്പ് സഭാ സമ്മേളനം വിളിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഞായറാഴ്ച മൂന്ന് മണിക്ക് അടിയന്തരമായി മന്ത്രിസഭാ യോഗം ചേരും.

പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണമാണ് അടിയന്തര സഭാസമ്മേളനത്തിന്റെ ലക്ഷ്യം. പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

SHARE