മലയാളികളെ പഞ്ചാബ് സര്‍ക്കാറിന്റെ ചിലവില്‍ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതികരിക്കാതെ കേരളം

അമൃത്സര്‍: ലോക്ക്ഡൗണ്‍ മൂലം പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തങ്ങളുടെ ചിലവില്‍ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടും പ്രതികരിക്കാതെ കേരള സര്‍ക്കാര്‍. പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന 1005 മലയാളികളെ നാട്ടിലെത്തിക്കാമെന്ന് കാണിച്ച് മൂന്ന് തവണയാണ് പഞ്ചാബ് കേരള സര്‍ക്കാറിന് കത്തയച്ചത്. എന്നാല്‍ ഇതുവരെ അതിനോട് പ്രതികരിക്കാന്‍ സംസ്ഥാനം തയ്യാറായിട്ടില്ല. ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കത്തയച്ചിട്ടും സമാനമായ പ്രതികരണമാണ് സംസ്ഥാന സര്‍ക്കാറില്‍ നിന്നുണ്ടായത്.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായ ബിശ്വാസ് മേത്തക്ക് പഞ്ചാബ് നോഡല്‍ ഓഫീസറായ വെങ്കിട്ട രത്‌നം ഈ മാസം 5-7-10 തിയ്യതികളിലാണ് മലയാളികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കത്തയച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നതിനാല്‍ മലയാളികള്‍ നാട്ടിലെത്താനാവാതെ കുടുങ്ങിയിരിക്കുകയാണ്. ഇതര സംസ്ഥാനക്കാരെ തിരിച്ചയക്കുന്നതിനായി 35 കോടി രൂപയാണ് പഞ്ചാബ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

മറുനാടന്‍ മലയാളികള്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുമെന്നാണ് സി.പി.എം സൈബര്‍ പോരാളികളും പി.ആര്‍ ഏജന്റുമാരും പ്രചരിപ്പിക്കുന്നത്. കേരളത്തിലെത്തിയ അതിഥി തൊഴിലാളികളെ അതത് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തിരിച്ചുകൊണ്ടുപോയപ്പോള്‍ അതിന്റെ പേരില്‍ മേനി നടിച്ച സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നാട്ടുകാരെ തിരിച്ചെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

SHARE