തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് – മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇന്ന് സ്ഥിരീകരിച്ച 111 പേരില്‍ പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 50 പേര് വിദേശത്തുനിന്ന് എത്തിയവര്‍. 48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം 22 പേര് രോഗമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്ന്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരണം തൊണ്ണൂറുകടന്നിരുന്നു. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്. അതേസമയം, സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാനായി ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആര്‍ വഴി 14,000 കിറ്റുകള്‍ ലഭിച്ചു. അതില്‍ 10,000 വിവിധ ജില്ലകള്‍ക്ക് നല്കി കഴിഞ്ഞു. 40,000 കിറ്റുകള്‍ കൂടെ മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
പാലക്കാട് – 40, മലപ്പുറം – 18, പത്തനംതിട്ട – 11, എറണാകുളം – 10, തൃശ്ശൂര്‍ – എട്ട്, തിരുവനന്തപുരം – അഞ്ച്, ആലപ്പുഴ – അഞ്ച്, കോഴിക്കോട് – നാല്, ഇടുക്കി – മൂന്ന്, കൊല്ലം – രണ്ട്, വയനാട് – മൂന്ന്, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം.
തിരുവനന്തപുരത്ത് ഒരാളും, ആലപ്പുഴയില്‍ നാലുപേരും, എറണാകുളത്ത് നാലുപേരും, തൃശ്ശൂരില്‍ അഞ്ചുപേരും, കോഴിക്കോട് ഒരാളും, കാസര്‍കോട് ഏഴുപേരും ഇന്ന് രോഗമുക്തി നേടി.
പുതുതായി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയ 25 പേരും തമിഴ്നാട്ടില്‍നിന്ന് എത്തിയ പത്തുപേരും, കര്‍ണാടകത്തില്‍നിന്ന് എത്തിയ മൂന്നുപേരും, യു.പി, ഹരിയാണ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഓരോരുത്തരും, ഡല്‍ഹിയില്‍നിന്ന് എത്തിയ നാലുപേരും ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയ മൂന്നുപേരും ഉള്‍പ്പെടുന്നു.
1697 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 973 പേര് ചികിത്സയിലുണ്ട്. 177106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.