നിപ പോരാളികള്‍ക്ക് കോഴിക്കോടിന്റ സ്നേഹാദരം ജൂലൈ ഒന്നിന്

കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തിയവരെ ആദരിക്കാനൊരുങ്ങുകയാണ് കോഴിക്കോട്. ജൂലൈ ഒന്നിന് വൈകിട്ട് ആറിന് കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്തി കെ.കെ ശൈലജ ടീച്ചര്‍, തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങുകള്‍.

വലിയൊരു കൂട്ടായ്മയുടെ കഠിന പ്രയത്നത്തിലൂടെയാണ് നിപ വൈറസിനെ പിടിച്ചുകെട്ടാന്‍ സാധിച്ചത്. ഇതിനായി രാപ്പകല്‍ അദ്ധ്വാനിച്ച എല്ലാവരെയും ഒരേ വേദിയില്‍ ആദരിക്കും. ‘കോഴിക്കോടിന്റെ സ്നേഹാദരം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍.ഡോ.വി ജയശ്രീ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ആര്‍.രാജേന്ദ്രന്‍, സൂപ്രണ്ട് കെ.ജി സജീത് കുമാര്‍, ബേബി മെമ്മോറിയല്‍ ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ.എ.എസ് അനൂപ് കുമാര്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്സ് ഗോപകുമാര്‍, മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഡോ.ജി. അരുണ്‍ കുമാര്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ.എ.സി മോഹന്‍ദാസ്, ഡോ.ജയകൃഷ്ണന്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍(ഏഞ്ചല്‍സ്), നഴ്സുമാര്‍,ശുചീകരണ തൊഴിലാളികള്‍, തുടങ്ങിയവരെയാണ് ചടങ്ങില്‍ ആദരിക്കുക. രോഗീ പരിചരണത്തിനിടെ മരണപ്പെട്ട നഴ്സ് ലിനിയെ ചടങ്ങില്‍ അനുസ്മരിക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പ്രശസ്ത മജീഷ്യന്‍ പ്രദീപ് ഹുഡിനോയുടെ ഡ്രാമാജിക് അരങ്ങേറും. കൊലയാളികള്‍ക്ക് ഇവിടെ ഇടമില്ല എന്ന പേരില്‍ രോഗനിര്‍ണ്ണയ പ്രവര്‍ത്തനത്തിന്റെ പ്രതീകാത്മക പ്രകടനമായാണ് ഡ്രാമാജിക് വേദിയിലെത്തുക. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കണ്‍വീനറും എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍,ഡോ.എം.കെ മുനീര്‍,രാഷ്ട്രീയപ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.