ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച്ച നിരവധി ട്രെയിനുകള്‍ വൈകും

കൊച്ചി: വിവിധ ഭാഗങ്ങളില്‍ ട്രാക്ക്-പാലം നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച്ച മംഗളൂരു-എറണാകുളം പാതയില്‍ നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305 ) വ്യാഴാഴ്ച്ച ഷൊര്‍ണൂര്‍ ജങ്ഷന്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16306) എറണാകുളം സൗത്തിന് പകരം ഷൊര്‍ണൂരില്‍ നിന്നായിരിക്കും സര്‍വീസ് തുടങ്ങുക.

നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) എറണാകുളം ജങ്ഷനും കോഴിക്കോടിനുമിടയില്‍ സര്‍വീസ് നടത്തില്ല. എറണാകുളത്തെത്തുന്ന ട്രെയിന്‍ തിരിച്ച് നിലവിലെ സമയക്രമ പ്രകാരം പാസഞ്ചര്‍ സ്പെഷ്യലായി നാഗര്‍കോവിലേക്ക് സര്‍വീസ് നടത്തും.
മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16605) കോഴിക്കോട് വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. തിരിച്ച് നിലവിലെ സമയപ്രകാരം കോഴിക്കോട് നിന്ന് മംഗളൂരു വരെ പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിനായി ഓടും.
തിരുവനന്തപുരം-കോഴിക്കോട് ജന്‍ശതാബ്ദി എക്സ്പ്രസ് (12076) പള്ളിപ്പുറം-കുറ്റിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പിടിച്ചിടുന്നതിനാല്‍ രണ്ടു മണിക്കൂറും 40 മിനുറ്റും വൈകിയേ കോഴിക്കോട് എത്തുകയുള്ളു.

എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617), നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ് (16650), കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് (12202), പൂനെ-എറണാകുളം ബൈവീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22150), തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) എന്നീ ട്രെയിനുകള്‍ 20 മുതല്‍ 60 മിനുറ്റ് വരെ പള്ളിപ്പുറം-കുറ്റിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പിടിച്ചിടും.

തൃശൂര്‍-എറണാകുളം-കൊല്ലം പാതയില്‍ നിരവധി പാസഞ്ചര്‍ ട്രെയിനുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള നിയന്ത്രണം ഞായറാഴ്ച്ച വരെ തുടരും.

SHARE