പ്രളയക്കെടുതി: കിണറുകളിലെ വെള്ളം താഴുന്നതിന്റെ കാരണം ഇതാണ്

തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ മലയാളികളെ ആശങ്കയിലാക്കുന്ന വരള്‍ച്ചാ സൂചനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

കിണറുകളിലെ വള്ളം ക്രമാതീതമായി താഴുന്നതായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഈ പ്രതിഭാസത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് റീജിണല്‍ ഡയറക്ടര്‍ പറയുന്നത്. ഉയര്‍ന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകിയതാണ് നദീതട ജില്ലകളിലെ കിണറുകളില്‍ വെള്ളം കുറഞ്ഞിരിക്കുന്നത്. പുഴകളിലെ വെള്ളം ഉയരുന്നതോടെ കിണറുകളിലെ ജലനിരപ്പും സാധാരണ നിലയിലെത്തും. തുലാവര്‍ഷ മഴയോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2017 ആഗസ്തിനെ അപേക്ഷിച്ച് ഭൂഗര്‍ഭ ജലത്തില്‍ ഇത്തവണ 60 ശതമാനം കുറവുണ്ടായിട്ടുണ്ട്. എന്നാലത് കാര്യമാക്കേണ്ടതില്ലെന്ന് കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വ്യക്തമാക്കി.

1186 കിണറുകളിലാണ് ബോര്‍ഡ് പഠനം നടത്തിയത്. ഇവയില്‍ 688 കിണറുകളില്‍ രണ്ട് മീറ്റര്‍ വരെ വെള്ളം കുറഞ്ഞതായി കണ്ടെത്തി. എട്ടു ജില്ലകളിലെ കിണറുകളിലാണ് ഇത്രയും കുറവുണ്ടായത്. പ്രളയത്തിലെ കുത്തൊഴുക്കില്‍ പുഴകളിലെ മണ്ണും മണലും ഒലിച്ചുപോയി പുഴകള്‍ മെലിഞ്ഞതോടെയാണ് ഭൂഗര്‍ഭ ജലം കുറഞ്ഞത്.

SHARE