കേരളം കരകയറുന്നു; ക്യാമ്പുകളില്‍ നിന്നും തിരികെ വീടുകളിലേക്ക്

കോഴിക്കോട്: മഴയുടെ ശക്തി കുറഞ്ഞതോടെ ദിവസങ്ങളായി നീണ്ടു നിന്ന പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറി തുടങ്ങി. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ആളുകളും വീടുകളിലേക്ക് മടങ്ങുകയായി. മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവില്‍ 734 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പ്രളയത്തില്‍പെട്ട 846000 പേരെയാണ് രക്ഷപ്പെടുത്തിയത്.

സംസ്ഥാനത്തെ വിവിധ ക്യാമ്പുകള്‍ ഉച്ചഭക്ഷണ ശേഷം പിരിച്ചുവിട്ടു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്യുന്നുണ്ട്.
അതേസമയം ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ തുടരുകയാണ്. പലയിടത്തും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. പലരും വീട് വിട്ട് വരാന്‍ തയ്യാറല്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ജലനിരപ്പ് താഴ്‌ന്നെങ്കിലും വീടുകളില്‍ കഴിയുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ മഴ കുറഞ്ഞതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. സംസ്ഥാനത്ത് ഇന്ന് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പറവൂരില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ആയിട്ടില്ല. ക്യാമ്പുകളിലെ സ്ഥിതി ശോചനീയമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിവരെ വരെ 177 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 39 പേരെ കാണാതായിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 149 ക്യാമ്പുകളില്‍ 7369 കുടുംബങ്ങളില്‍ നിന്നും 23060 പേരാണുളളത്. നാല് താലൂക്കുകളിലും പകുതിയിലേറെ ക്യാമ്പുകള്‍ ഉച്ചഭക്ഷണ ശേഷം പിരിച്ചുവിട്ടു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്തു. കോഴിക്കോട് താലൂക്കില്‍ 148 ക്യാമ്പുകളില്‍ 8262 കുടുംബങ്ങളിലെ 25292 പേരാണുള്ളത്. കൊയിലാണ്ടി, താലൂക്കില്‍ 18 ക്യാമ്പുകള്‍. വടകര 19 ക്യാമ്പുകളില്‍ 574 കുടുംബങ്ങളിലെ 2116 പേരും താമരശേരി താലൂക്കില്‍ 21 ക്യാമ്പുകളില്‍ 1005 കുടുംബങ്ങളിലെ 3252 ആളുകളും താമസിക്കുന്നു.

ഇതിനിടെ തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തുകയായിരുന്നു.

തൃശൂര്‍ കരവന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മോഹനന്‍ എന്നയാളാണ് മരിച്ചത് പാലക്കാട് നെന്മാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പനച്ചിക്കാട് ഗോപാലകൃഷ്ണന്‍ നായര്‍ എന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പന്തളം തുമ്പമണ്‍ അന്പലക്കടവിന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കണ്ണാടിക്കലില്‍ കാണാതായ സിദ്ദിഖിന്റെ മൃതദേഹം ലഭിച്ചു.

പെരിയാറില്‍ അഞ്ചടിയോളം വെള്ളം താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥനിരിക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.; ഇടുക്കിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവിടുന്നത് സെക്കന്‍ഡില്‍ ഏഴ് ലക്ഷം ലിറ്ററാണ്.

SHARE