അണക്കെട്ടുകള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രം മാര്‍ഗരേഖ കൊണ്ടു വരുന്നു

നടപടി കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍

ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത മാര്‍ഗരേഖ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. കേന്ദ്ര ജലവിഭവ കമ്മീഷന്‍ ഡയരക്ടര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ഗണന നല്‍കുന്ന രീതിയിലായിരിക്കും മാര്‍ഗരേഖ തയാറാക്കുക. കേന്ദ്ര ഊര്‍ജ്ജമന്ത്രി രാജ്കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ചുള്ള ജല വിഭവ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡാമുകളുടെ ഉടമസ്ഥാവകാശവും കൈകാര്യ അധികാരവും സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. ജലവിഭവം, ഊര്‍ജ്ജോത്പാദനം എന്നിവയും സംസ്ഥാന സര്‍ക്കാറുകളുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാനാവില്ല. അതേസമയം ഊര്‍ജ്ജോത്പാദനവും ജലസേചനവും ലക്ഷ്യമിട്ടാണ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതെങ്കിലും പ്രളയംപോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡാമുകള്‍ ഒറ്റയടിക്കു തുറന്നതല്ല, അതിശക്തമായ മഴ ലഭിച്ചതാണ് പ്രളയക്കെടുതിക്ക് കാരണമെന്നാണ് ജലവിഭവ കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. കേരളത്തിന്റെ ഭൂപ്രകൃതിയും നിര്‍ണായക ഘടകമായി. വികലമായ വികസന പ്രവര്‍ത്തനങ്ങള്‍, കൈയേറ്റങ്ങള്‍ എന്നിവയും സ്ഥിരി രൂക്ഷമാക്കിയതായും ജലകമ്മീഷന്‍ ആരോപിക്കുന്നു.