ദുരിതാശ്വാസനിധിയിലേക്ക് വിദേശസഹായം: കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിന്‍  സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഹര്‍ജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

അതേസമയം, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പടെ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തും. പ്രധാനമന്ത്രി ആവാസ് യോജന വഴി ആവശ്യപ്പെടുന്നയത്ര വീടുകള്‍ അനുവദിക്കുമെന്നും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചു. പ്രളയ ദുരിതവുമായി ബന്ധപ്പെട്ട് കേരളത്തിലെ എം.പിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തിന് വിദേശ സഹായം ലഭ്യമാക്കുന്നതിന് തടസങ്ങള്‍ നീക്കണമെന്ന് വിവിധ മന്ത്രിമാരോട് ആവശ്യപ്പെട്ടെന്നും പ്രധാനമന്ത്രിയെ ഉള്‍പ്പടെ കാണാന്‍ ശ്രമിക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.