പ്രളയത്തില്‍ തകര്‍ന്ന വഖഫ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന വഖഫ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷമായി തുടര്‍ച്ചയായി വന്ന പ്രളയത്തില്‍ മദ്രസകളും പള്ളികളും അനാഥാലയങ്ങളും ഉള്‍പ്പടെ നിരവധി വഖഫ് സ്വത്തുക്കള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. വരുമാനം കുറഞ്ഞ മഹല്ല നിവാസികള്‍ പ്രളയത്തില്‍ സ്വന്തമായുള്ളതു പോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ്. ഇത്തരം കമ്മിറ്റികള്‍ വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പ്രയാസമനുഭവിക്കുകയാണെന്നും അഖില കേരള വഖഫ് സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.

പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കി പുനര്‍ നിര്‍മ്മാണത്തിലൂടെ ആശ്വാസം പകരാന്‍ സര്‍ക്കാറും വഖഫ് ബോര്‍ഡും മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പരിതാപകരമായ അവസ്ഥക്ക് പരിഹാരം കാണും വരെ വാര്‍ഷിക വിഹിതം പിരിക്കുന്നതില്‍ നിന്നും വഖഫ് ബോര്‍ഡ് മാറി നില്‍ക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കാലിക്കറ്റ് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് എഞ്ചിനീയര്‍ പി മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ഡോ. കെ.എം മുഹമ്മദ്, പ്രൊഫ. വീരാന്‍ മൊയ്തീന്‍, ജമാല്‍ കുറ്റ്യാടി, പി.ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, അഹമ്മദ്കുട്ടി മാസ്റ്റര്‍ കൊണ്ടോട്ടി, വല്ലാഞ്ചിറ മുഹമ്മദലി ഹാജി മഞ്ചേരി, ടി.പി നസീര്‍ ഹുസൈന്‍, അഡ്വ. മൊയ്തീന്‍കുട്ടി, അബ്ദുല്‍ കരീം ഹാജി എറണാകുളം, ടി.കെ അബ്ദുല്‍ കരീം തൃശൂര്‍, സന്നാഫ് പാലക്കണ്ടി, സീതിക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു.

SHARE