പ്രളയക്കെടുതി: വോട്ടര്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വോട്ടര്‍ ഐഡികാര്‍ഡ് നഷ്ടമായവര്‍ക്ക് സൗജന്യമായി തിരച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് കേരളാ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ. പ്രളയത്തില്‍ നിരവധി പേര്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മീണ പറഞ്ഞു. പ്രളയക്കെടുതിയില്‍പ്പെട്ട ആളുകളുടെ വീടുകളോ ദുരിതാശ്വാസ ക്യാമ്പുകളോ സന്ദര്‍ശിച്ച് ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സമ്പൂര്‍ണ വോട്ടര്‍ പട്ടികയുടെ കരട് ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. സെപ്തംബര്‍ ഒന്നിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കരട് വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങളും തടസ്സവാദങ്ങളും ഉന്നയിക്കാം. അതാത് തഹസീല്‍ദാര്‍മാര്‍ക്ക് മുന്നില്‍ ഒക്ടോബര്‍ ഒന്നിനും നവംബര്‍ 15നും ഇടയില്‍ പരാതി നല്‍കാവുന്നതാണ്. പേര്, പ്രായം, വിലാസം എന്നിവയില്‍ തിരുത്ത് ആവശ്യമുണ്ടെങ്കില്‍ സി.ഇ.ഒയുടെ വെബ്സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് തിരുത്തുവരുത്താവുന്നതാണ്. അടുത്ത ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ടീക്കാറാം മീണ പറഞ്ഞു.

SHARE