പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മഹാപ്രളയത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടും കാരണമായെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഇതോടെ കനത്ത മഴയില്‍ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക് കൂടുതല്‍ ജലമെത്തി. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളവും എത്തിയതോടെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരുന്നുവെന്നും ഇതും പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മഴ കനത്തപ്പോള്‍ തന്നെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായില്ല. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ച ശേഷമാണ് സംഭരണശേഷി അവര്‍ പരമാവധിയില്‍ എത്തിച്ചത്. അണക്കെട്ട് നിറഞ്ഞതിന് ശേഷവും വലിയ തോതില്‍ നീരൊഴുക്ക് തുടര്‍ന്നതോടെ എല്ലാ ഷട്ടറുകളും അടക്കേണ്ടി വന്നു. ഇതും പ്രളയത്തിന്റെ മുഖ്യകാരണമെന്ന് കേരളം കോടതിയെ അറിയിച്ചത്.

ഭാവിയില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ കേന്ദ്ര ജലകമ്മീഷണര്‍ അധ്യക്ഷനായ സമിതിയെ അണക്കെട്ടിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കണമെന്നും ഇരു സംസ്ഥാനങ്ങളിലേയും പ്രതിനിധികള്‍ സമിതിയിലുണ്ടാകണമെന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE