സര്‍ക്കാര്‍ സഹായം അകലെ പ്രളയബാധിതര്‍ തീരാദുരിതത്തില്‍

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: പ്രളയം ഒഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും സാധാരണ നിലയിലെത്താനാവാതെപ്രളയജലത്തില്‍ മുങ്ങിയ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ രണ്ടാഴ്ച്ചയോളമായി തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അവസാന ഘട്ടത്തിലെത്തിയിട്ടില്ല. വെള്ളം കയറിയത് മൂലം ചെളി നിറഞ്ഞ് വാസയോഗ്യമല്ലാതിരുന്ന വീടുകള്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ശുചീകരിക്കുന്നത്. പലരുടെയും വര്‍ഷങ്ങളായുള്ള സമ്പാദ്യങ്ങളാണ് പ്രളയത്തില്‍ ഒലിച്ചു പോയത്. ആലുവ, പറവൂര്‍ താലൂക്കുകളിലാണ് പ്രളയം രൂക്ഷമായി കെടുതികളുണ്ടാക്കിയത്. ഇവിടെ പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയ ജലം ഇരച്ചെത്തിയ വീടുകള്‍ ഏറെക്കുറെ വൃത്തിയായെങ്കിലും പരിസങ്ങളും പുരയിടങ്ങളും ഇപ്പോഴും ചേറും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇത് വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. പറവൂര്‍ മേഖലയിലാണ് ഇനിയും വീടുകള്‍ വൃത്തിയാക്കാന്‍ ബാക്കി നില്‍ക്കുന്നത്. ഇവിടെ നിരവധി വീടുകളില്‍ ഇനിയും ചേറ് നീക്കം ചെയ്യാനായിട്ടില്ല. വീടുകള്‍ക്ക് പുറമേ ചുറ്റുമതിലുകളും റോഡുകളും തകര്‍ന്നവരും ഏറെയുണ്ട്. വെള്ളം കയറിയ പഴയ വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പറവൂര്‍ മേഖലയില്‍ പാമ്പ് ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെ ശല്യം ഇനിയും മാറിയിട്ടില്ല.
ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായങ്ങള്‍ ലഭ്യമാകാത്തതില്‍ ദുരിതബാധിതര്‍ ഏറെ അസംതൃപ്തരാണ്. ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. വിവര ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമേ സഹായം വിതരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്നാണ് ഭരണകൂട വൃത്തങ്ങള്‍ പറയുന്നത്. സഹായധനം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഢങ്ങളും പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മിക്കവരും കടം വാങ്ങിയും മറ്റുമാണ് വീടുകളും പരിസരവും വൃത്തിയാക്കുന്നതും മറ്റും. പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് മിക്കവര്‍ക്കും നേരിടേണ്ടി വന്നത്. ഇതിന് പുറമേ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പണം കൂടി കൈയില്‍ നിന്നും ചെലവാക്കേണ്ട സ്ഥിതിയായി. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചു കിലോ കിറ്റും പലര്‍ക്കും കിട്ടിയിട്ടില്ല. സന്നദ്ധ സംഘടനകളും മറ്റും നല്‍കിയ കിറ്റുകളാണ് പ്രളയബാധിതര്‍ക്ക് ആശ്വാസമാവുന്നത്. അതേസമയം സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒഴുകിയെത്തിയ അത്യാവശ്യ സാധന സാമഗ്രികള്‍ അടക്കമുള്ളവ ഇപ്പോഴും പലയിടത്തായി കെട്ടികിടക്കുകയാണ്. ആവശ്യക്കാരിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. സന്നദ്ധ സംഘടനകള്‍ നല്‍കിയ സാധന സാമഗ്രികള്‍ ഭരണപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശേഖരിച്ച് സ്വന്തക്കാര്‍ക്ക് മാത്രം നല്‍കുന്നതായും ആക്ഷേപമുണ്ട്.
വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതിനാലും വാസ യോഗ്യമാവാത്തതിനാലും എറണാകുളം ജില്ലയില്‍ ഇനിയും 1787 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങാനായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സ്ഥാപനങ്ങളും ഒരുക്കിയ ക്യാമ്പിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും. 29 ക്യാമ്പുകളിലായി 5,648 പേരാണ് നിലവില്‍ ജില്ലയില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
പറവൂരില്‍ 19ഉം ആലുവയില്‍ എട്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടു ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 1,496 പേര്‍ കുട്ടികളാണ്. 2163 സ്ത്രീകളുമുണ്ട്. കുട്ടികളെ സ്‌കൂളുകളില്‍ അയക്കാന്‍ പറ്റാത്ത സാഹചര്യത്തിന് പുറമേ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഉടുതുണി പോലും ലഭ്യമാവാത്ത സ്ഥിതിവിശേഷവും ക്യാമ്പുകളിലുണ്ട്. കടുത്ത മനോവിഷമത്തോടെയാണ് ഇവരില്‍ പലരും ക്യാമ്പുകളില്‍ കഴിയുന്നത്.

SHARE