ദുരിതാശ്വാസ സഹായം പിടിച്ചുപറിക്കുന്നു; സി.പി.എമ്മിനെതിരെ സി.പി.ഐ

മൂന്നാര്‍: ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്ന സാധന സാമഗ്രികള്‍ ബലമായി സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതായി വ്യാപക പരാതി. സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തി.
പൊതുജനങ്ങള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും പിടിച്ചെടുത്ത് പാര്‍ട്ടി വക സഹായമായി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയാണെന്ന് ആക്ഷേപം. മൂന്നാറില്‍ സഹായ ഹസ്തവുമായെത്തിയ ലോറിയിലെ സാമഗ്രികള്‍ സി.പി.എം ഓഫിസിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തമിഴ്‌നാട്ടിലെ ഡി.എം.കെ എം.എല്‍.എ ഐ.പെരിയസാമി യുടെ നേതൃത്വത്തില്‍ ദിണ്ടുക്കല്‍ ജില്ലയില്‍ നിന്ന് സ്വരൂപിച്ച അരി ഉള്‍പ്പെടെയുള്ള 15 ലക്ഷത്തിന്റെ സാധനങ്ങളാണ് സി.പി.എം കേന്ദ്രങ്ങള്‍ വഴിതടഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. മൂന്നാറില്‍ വാഹനം തടഞ്ഞ് എവിടേക്കാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത് എന്ന് പൊതുജനങ്ങള്‍ ചോദിച്ചപ്പോള്‍ മൂന്നാര്‍ സി.പി.എം ഓഫീസിലേക്ക് കൊണ്ടുവരുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
ഇതോടെ ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെട്ടു. പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനായി കൊണ്ടു വന്നതാണെന്നും എന്നാല്‍ സി.പി.എം ഓഫീസില്‍ ഇറക്കി തിരിച്ചുപോകാന്‍ ചിലര്‍ നിര്‍ബന്ധിച്ചതായും ലോറി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കി. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സാമഗ്രികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാതെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പാര്‍ട്ടി ഓഫീസുകളില്‍നിന്ന് വിതരണം ചെയ്യുന്നതെന്ന് പൊതുജനങ്ങളും പരാതിപ്പെട്ടു. ദേവികുളം എം. എല്‍. എ യുടെ ഫണ്ടില്‍ നിന്ന് കൊടുക്കുന്നതായി കാണിച്ചാണ് പിടിച്ചെടുക്കുന്ന സാമഗ്രികള്‍ വിതരണം ചെയ്യുന്നതെന്ന് സി.പി.ഐ നേതാക്കളും ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന സാധന സാമഗ്രികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലേക്ക് എത്തുന്നുണ്ടെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്ന് സി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

SHARE