ഈ പ്രളയം ഉണ്ടാക്കിയത് അണക്കെട്ടുകളല്ല

ജിതിന്‍ ദാസ്

കരികാലന്‍ ഓര്‍ത്തില്ല “പുഴയ്ക്ക് മഴ എന്നൊരു കാമുകന്‍ ഉണ്ടെന്ന് “…

അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ അണക്കെട്ടുകള്‍ മിക്കതും പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ നശിപ്പിച്ച റിസര്‍വോയറുകളുമായാണ് ഉണ്ടാക്കിയത്. പെരിയാറ്റിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ വെള്ളക്കെട്ടാണ് നമ്മള്‍ വിനോദസഞ്ചാര കേന്ദ്രമാക്കിയ തേക്കടി തടാകം. അണ കെട്ടുമ്പോള്‍ മഹ്‌സീര്‍ പോലെ പുഴയുടെ ആദ്യന്തം നീന്തി ജീവിക്കുന്ന വലിയ മീനുകളുടെ പ്രജനനത്തെപ്പോലും ബാധിക്കുന്നു. അണയ്ക്കു കീഴോട്ട് ചെളിയും എക്കലും ഒഴുകിയെത്തുന്നത് കുറഞ്ഞ് നദീതീരങ്ങളിലെ മണ്ണിന്റെ വിളവിനെ ബാധിക്കുന്നു. തര്‍ക്കമില്ലാതെ സമ്മതിക്കാവുന്ന കാര്യങ്ങളാണ്.

എന്നാല്‍ പുഴയില്‍ അണ കെട്ടി, അതിന്റെ ഫലമായി വെള്ളം തുറന്നു വിടേണ്ടി വന്നു, അതാണിപ്പോള്‍ വെള്ളപ്പൊക്കത്തില്‍ കലാശിച്ചത് എന്ന രീതിയില്‍ ആളുകള്‍ പറഞ്ഞുനടക്കുന്നത് ശുദ്ധവിവരക്കേടാണ്. കൊല്ലാകൊല്ലം പ്രളയമുണ്ടാവാതെ സംരക്ഷിക്കുന്നതില്‍ അണക്കെട്ടുകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. കേരളത്തിലെ പ്രളയ ചരിത്രം അണ കെട്ടുന്നതിനു മുന്നേയുള്ളതും ശേഷമുള്ളതുമായി ആധികാരികമായ പുസ്തകങ്ങളൊന്നും എന്റെ പക്കലില്ല. പ്രളയത്തില്‍ ആണ് മുസിരിസ് നശിച്ചതെന്നും പെരിയാര്‍ വഴിമാറി ഒഴുകിയാണ് കൊച്ചി തുറമുഖമുണ്ടായതെന്നും കൊച്ചി തുറമുഖം ഒരിക്കല്‍ പെരിയാര്‍ മണ്ണിട്ടു മൂടിയപ്പോഴാണ് ജൂതരില്‍ ഭൂരിപക്ഷവും തിരികെ പോയതെന്നും മറ്റും ചരിത്രസത്യമെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത ചില എഴുത്തുകള്‍ മാത്രമേയുള്ളൂ എന്റെ കയ്യില്‍.

‘ഓസ്റ്റ്രിയന്‍ ആല്പ്‌സ് പ്രദേശങ്ങളിലെ പ്രളയം ചെറുക്കലില്‍ ജലവൈദ്യുത ഡാമുകള്‍ വഹിക്കുന്ന പങ്ക്’ എന്ന തന്റെ ഗവേഷണപ്രബന്ധത്തില്‍ കേരളം പോലെ മലയില്‍ ഉത്ഭവിക്കുന്ന നദികളും അതിന്റെ ഗതിയില്‍ സമതലങ്ങളുമുള്ള ആ പ്രദേശത്ത് വന്‍ ജലവൈദ്യുത ഡാമുകള്‍ പണിതതിനു ശേഷം പ്രളയക്കെടുതികള്‍ 82% വരെ കുറഞ്ഞു എന്ന് ഡബ്ല്യൂ. പേര്‍ച്ചര്‍ അനുമാനിക്കുന്നു.

തിരികെ നാട്ടില്‍ വരാം. പെരിയാറിന്റെ ഡാമുകള്‍ക്ക് മൊത്തം ഒഴുക്കുവെള്ളത്തിന്റെ 25 ശതമാനത്തിലപ്പുറം ശേഖരിക്കാനും ചെറുതല്ലാത്ത ശതമാനം പുറത്തേക്ക് തിരിച്ചു വിടാനും കഴിയും എന്നതിനാല്‍ ചെറിയ മലവെള്ളപ്പാച്ചില്‍ ഇല്ലാതെയാക്കാനും വലിയ വെള്ളപ്പാച്ചിലിന്റെ ആഘാതം കുറയ്ക്കാനും കഴിയും. അതിനപ്പുറം മണ്ണും ചെളിയും മലവെള്ളത്തില്‍ നിന്ന് നല്ല തോതില്‍ ഒഴിവാക്കും. എന്നാല്‍ ഇതൊന്നുമല്ല ഏറ്റവും വലിയ പ്രയോജനം. പുഴയുടെ ഒഴുക്കിനെ അളക്കാനും നിയന്ത്രിക്കാനും നമുക്കുള്ള ഒരേ ഒരു മാര്‍ഗ്ഗം അണക്കെട്ടാണ്. നിഷിമങ്ങള്‍ കൊണ്ട് എല്ലാം കഴിയുന്ന സ്ഥിതിയില്‍ നിന്നും മലവെള്ളം നിയന്ത്രിച്ച് ഒഴുക്കാനും അതിനു ദിവസങ്ങള്‍ മുന്നേ തന്നെ ആളുകള്‍ക്ക് താക്കീതു നല്‍കി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കാനും അണക്കെട്ടില്ലാതെ കഴിയില്ല.

ചോഴമണ്ഡലത്തിലെ രാജാക്കന്മാരുടെ വിജയഗാഥയായ കലിംഗത്തുപരണിയില്‍ കരികാല ചോഴന്‍ കല്ലണൈ കെട്ടി തന്റെ തലസ്ഥാനത്തിനെ കൊല്ലാകൊല്ലം ഉപദ്രവിച്ചിരുന്ന കാവേരിയിലെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിച്ചു എന്നാണ് ജയംകൊണ്ടാര്‍ എഴുതിക്കാണുന്നത്, അതായത് ഇറിഗേഷനല്ല, വൈദ്യുതിയുണ്ടാക്കാനല്ല, പ്രളയ നിയന്ത്രണത്തിനായിരുന്നു കരികാലന്‍ അണ കെട്ടിയത് എന്ന് ആയിരം വര്‍ഷം മുന്നേ ജീവിച്ചിരുന്ന കവിക്ക് കാര്യം മനസ്സിലാകും ശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന വിദഗ്ദ്ധന്മാര്‍ പറയുന്നത് അണകെട്ടിയല്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ്.

SHARE