പ്രളയ ദുരിതാശ്വാസം: പരാതി നല്‍കാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു

പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ എറണാകുളം കളക്ടറേറ്റില്‍ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നില്‍ ക്യൂ നില്‍ക്കവേയാണ് വീട്ടമ്മ കുഴഞ്ഞു വീണത്. നിരവധി പേരാണ് ദിവസം തോറും പരാതികളുമായി കളക്ടറേറ്റില്‍ എത്തുന്നത്. സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയ പതിനായിരം രൂപ മാത്രം ലഭിച്ചവരാണ് മിക്കവരും. അപേക്ഷയില്‍ തെറ്റുകള്‍ കടന്നു കൂടിയത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് പലരും ഏറെ നേരം കാത്തു നില്‍ക്കുന്നത്. ദിവസവും പരാതി പരിഹാര സെല്ലില്‍ നിന്ന് ടോക്കണ്‍ നല്‍കുന്നത് 120 പേര്‍ക്കാണെങ്കിലും ടോക്കണ്‍ ലഭിക്കാത്തവരും പരാതി പറയാനായി കാത്തു നില്‍ക്കാറുണ്ട്.
ഈ വിഷയം നിയമസഭയിലടക്കം പലതവണ താന്‍ ഉന്നയിച്ചെന്നും എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായില്ലെന്നും വി ഡി സതീശന്‍ എം എല്‍ എ ആരോപിച്ചു.സര്‍ക്കാര്‍ ഈ വിഷയത്തിന് പ്രാധാന്യം നല്‍കുന്നില്ല. ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്നും പലരും താമസിക്കുന്നത് ബന്ധുക്കളുടെ വീടുകളിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു