എമിറേറ്റ്‌സ് തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ട സാഹചര്യത്തില്‍ ദുബായില്‍ നിന്നും കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്ന് ദുബായിലേക്കും പുറപ്പെടുന്നതുമായ എമിറേറ്റ്‌സിന്റെ എല്ലാ സര്‍വീസുകളും ഓഗസ്റ്റ് 11 വൈകിട്ട് മൂന്നര വരെ റദ്ദാക്കി. പകരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 10, 11, 12 തീയതികളില്‍ അധിക സര്‍വീസുകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഈ ദിവസങ്ങളില്‍ രാവിലെ 6.15ന് ദുബായില്‍ നിന്നും തിരിക്കുന്ന വിമാനം (ഇ.കെ 8532) ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. ഇ.കെ 8533 വിമാനം ഉച്ചക്ക് 1.25ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് വൈകിട്ട് 3.55ന് ദുബായില്‍ എത്തും. രാവിലെ 9.20ന് ദുബായില്‍ നിന്നും തിരിക്കുന്ന ഇ.കെ 8530 വിമാനം വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് നിന്നുള്ള ഇ.കെ 8531 വിമാനം വൈകിട്ട് ഏഴിന് ദുബായില്‍ എത്തും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഈ ദിവസങ്ങളില്‍ എമിറേറ്റ്‌സ് വിമാനങ്ങളില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഫോണ്‍: 91670 73333, 91670 03333.

SHARE