പലയിടത്തും വെള്ളമിറങ്ങുന്നു; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ തീവ്രശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂടുന്നു. എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലേക്ക് നിരവധി പേരെ മാറ്റിക്കഴിഞ്ഞു. ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ അടക്കം ഇന്ന് തന്നെ എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം.

കുട്ടനാട്ടിലും പന്തളത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി ഇതുവരെ ജില്ല കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനാണ് ആലപ്പുഴ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തകര്‍ നൂറുകണക്കിനാളുകളെയാണ് ആലപ്പുഴ ജെട്ടിയിലെത്തിച്ചത്. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല. പറവൂരും പാനായിക്കുളത്തും കാലടിയിലും കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആളുകളെ ഒഴിപ്പിക്കുന്നത് ഇന്നത്തോടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാനത്ത് പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

SHARE