കേരളമുള്‍പ്പെടെയുള്ള വെള്ളപ്പൊക്ക ബാധിതസംസ്ഥാനങ്ങള്‍ക്ക് എല്ലാസഹായവും ലഭ്യമാക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ള വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.നിലവിലെ സ്ഥിതിഗതികള്‍ നേരിടുന്നതിന് കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജന്‍സികളുടെയും മുന്നൊരുക്കങ്ങളും വിലയിരുത്തി. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള സാഹചര്യം നേരിടുന്നതിന് സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് നിത്യാനന്ദ് റായ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ദേശീയ ദുരന്ത പ്രതിരോധ സേനയുടെ 173 ടീമുകള്‍ നാല്‌സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് എന്‍.ഡി.ആര്‍.എഫ്. ഡി.ജി യോഗത്തെ അറിയിച്ചു. കര, നാവിക, വ്യോമസേനകളുടെയും, തീരസംരക്ഷണ സേനകളുടെയും 183 ടീമുകള്‍ക്ക് പുറമെയാണിത്. അവര്‍ ഇതുവരെ 82,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുകയും 2,325 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ നിന്നുള്ള അഭ്യര്‍ഥനകള്‍ക്ക് അപ്പപ്പോള്‍ തന്നെ നടപടികള്‍കൈക്കൊണ്ട് വരികയാണെന്ന് എന്‍.ഡി.ആര്‍.എഫ്, രാജ്യരക്ഷാ മന്ത്രാലയം, രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.

SHARE