2019 പ്രളയം: മരിച്ചവരുടെ എണ്ണം 87 ആയി; കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടലില്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മാത്രം 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഇനി 39 പേരെയാണ് കണ്ടെത്താനുള്ളത്. വീടുകള്‍ തന്നെ മണ്ണിനടിയിലായ ഇവിടെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.

വയനാട് വന്‍ ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരും. കഴിഞ്ഞ ദിവസം മഴ തുടര്‍ന്നതും മണ്ണുമാന്തി യന്ത്രങ്ങള്‍ ദുരന്ത സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയാഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താന്‍ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് കരുതുന്നത്.

അതേസമയം കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. അതിനിടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു.

SHARE