പനിപ്പേടിയില്‍ സംസ്ഥാനം; കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങള്‍ ഒരുപോലെ

മഴക്കാലമായതോടെ പനിഭീതിയില്‍പെട്ട് സംസ്ഥാനം. പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കുത്തനെ കൂടുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കോവിഡ് 19ന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നതാണ് മഴക്കാല പനിയെ കൂടുതല്‍ പേടിയിലാക്കുന്നത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതും വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസം സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവിരം.

കോവിഡിന്റെ പ്രാരംഭലക്ഷണമായ പനിയും തൊണ്ടവേദനയുമാണ് സാധാരണ വൈറല്‍ പനിക്കും ഉണ്ടാകുന്നത്. ഡെങ്കിപ്പനിക്ക് പനിക്ക് പനിയോടൊപ്പം പേശിവേദനയുണ്ടാകുമെന്നതാണ് പ്രത്യേകത. കിടക്കാന്‍പോലും സാധിക്കാത്ത രീതിയില്‍ പേശിവേദനയുള്ളതിനാല്‍ ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് സാധാരണം ഉണ്ടാകില്ല. കൊതുകുകളിലൂടെയാണ് ഡെങ്കി പടരുന്നത്.
എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട-പേശി വേദന തുടങ്ങിയവയും ഉണ്ടാകും. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. എന്നാലിവര്‍ സാമൂഹ്യ അകലം പാലിക്കലും സമ്പര്‍ക്ക സാധ്യത ഇല്ലാതാക്കലും പ്രധാനമാണ്.

അതേസമയം, പനി ലക്ഷണം കാണുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധന സാധിക്കൂ. സമ്പര്‍ക്ക സാധ്യതയില്ലാത്ത രോഗികള്‍ കോവിഡ് സംശയിച്ച് ആശുപത്രികളില്‍ എത്തേണ്ട സാഹചര്യവും നിലവില്‍ സംസ്ഥാനത്തില്ല.