ആനക്ക് പടക്കംവെച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രം; ആളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവുമായി ഹ്യൂമന്‍ സൊസൈറ്റി ഇന്ത്യ

ന്യൂഡല്‍ഹി: കേരളത്തില്‍ ആന പടക്കംപൊട്ടി ചത്ത സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

അതേസമയം, ആനയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം നല്‍കുമെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്ത്യ അറിയിച്ചു. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ എന്ന സംഘടനയുടെ ഇന്ത്യാ ഘടകം സോഷ്യല്‍മീഡിയലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും അതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.