കേരളത്തില്‍ കോവിഡ് രോഗവ്യാപനം നീളാം; മുന്നറിയിപ്പുമായി വിദഗ്ധര്‍

കേരളത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ രോഗവ്യാപനം സെപ്റ്റംബറിലേക്കു നീണ്ടേക്കുമെന്ന് അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുല്‍പാദന നിരക്ക് കേരളത്തില്‍ ഇപ്പോള്‍ 1.35 ആണെന്നാണു വിലയിരുത്തല്‍. പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാകണമെങ്കില്‍ ഇത് ഒന്നില്‍ താഴെ എത്തണം.

മിഷിഗന്‍ വാഴ്‌സിറ്റി ടീമിന്റെ ഇന്നലത്തെ നിഗമനപ്രകാരം ജൂലൈ 4 ആകുമ്പോഴേക്കും കേരളത്തിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകും. ഇതു പരമാവധി 43,000 വരെയാകാം. ഇന്ത്യയൊട്ടാകെയുള്ള രോഗികളുടെ എണ്ണം അപ്പോഴേയ്ക്കും 6 ലക്ഷം മുതല്‍ 9 ലക്ഷം വരെയാകും. മരണം രണ്ടാഴ്ച കൂടുമ്പോള്‍ ഇരട്ടിയാകും.

മിഷിഗന്‍ വാഴ്‌സിറ്റിയിലെ കോവിഡ് ഇന്ത്യ സ്റ്റഡി ഗ്രൂപ്പ് ആണ് ഫെബ്രുവരി മുതല്‍ ഇന്നലെ വരെയുള്ള കേരളത്തിലെ രോഗവ്യാപന രീതിയും രോഗികളുടെ എണ്ണവും വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത്. ദിവസേനയുള്ള രോഗക്കണക്കുകള്‍ മാറുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യതാ വിവരങ്ങള്‍ പുതുക്കുന്നുമുണ്ട്.

SHARE