‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വഴി സംഘ്പരിവാര്‍ നേതൃത്വത്തില്‍ വര്‍ഗീയ പ്രചരണവും വിദ്വേഷ പ്രചാരണങ്ങളും ട്വിറ്റര്‍ തന്നെ ഏറ്റെടുത്ത് മലയാളികള്‍. ആന കൊല്ലപ്പട്ടതിലെ മലപ്പുറം വിവാദവും അപവാദ ്പ്രചരണങ്ങളും പ്രതിരോധിക്കാന്‍ ട്വിറ്ററില്‍ ആരംഭിച്ച #KeralaComesToTwitter ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗിലാണ്. ഇന്ന് വൈകി തുടങ്ങിയ ട്വീറ്റിങില്‍ ആറായിരത്തിലേറെ ട്വീറ്റുകളാണ് ഇപ്പോള്‍ ഹാഷ്ടാഗില്‍ വന്നത്.

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റയിലും തുടങ്ങി മറ്റെല്ലാ സാമൂഹമാധ്യമങ്ങിലും മലയാളികള്‍ സജീവമാണെങ്കില്‍ കുറഞ്ഞ വാക്കില്‍ കാര്യങ്ങള്‍ കുറിക്കുന്നു പ്രധാന മാധ്യമമായ ട്വിറ്ററില്‍ മലയാളികള്‍ അധികമില്ലായിരുന്നു. എന്നാല്‍ മേനകാ ഗാന്ധിയുടെ വിദ്വേഷ വിവാദത്തിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററില്‍ മലയാളികള്‍ സജീവമാണ്.

പാലക്കാട് ആന ചെരിഞ്ഞ സംഭവത്തില്‍ കേരളത്തെയും മലപ്പുറത്തെയും അപമാനിച്ച് വലിയ ക്യാംപയിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ മലയാളിക്കൂട്ടം ഇറങ്ങിയത്. ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് അതിന്റെ ലിങ്ക് കമന്റ് ചെയ്യാന്‍ ആഹ്വാനവുമായി മലയാളി ട്വിറ്റര്‍ സര്‍ക്കിള്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പും മുന്നോട്ടുവന്നിരുന്നു.

സമാന സ്വഭാവമുള്ള നിരനധി ഗ്രൂപ്പുകള്‍ ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ഇത്തരം ഗ്രൂപ്പുകളിലൂടെ വിവരങ്ങള്‍ കൈമാറിയാണ് ഹാഷ്ടാഗ് ട്രെന്‍ഡിംഗില്‍ എത്തിച്ചിരിക്കുന്നത്. ‘കേറി വാടാ മക്കളേ എന്ന മലയാള ഡയലോഗുമായാണ് പല ട്വീറ്റുകളും വരുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം മേനക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘പീപിള്‍ ഫോര്‍ അനിമല്‍സ്’ എന്ന എന്‍.ജി.ഒയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. പാലക്കാട് അമ്പലപ്പാറയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷസന്ദേശങ്ങള്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണിത്. ഇതുസംബന്ധിച്ച സന്ദേശങ്ങളും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കുറിച്ചു. ഇതോടൊപ്പം സംഭവം നടന്ന പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ അടയാളപ്പെടുത്തിയ ഗൂഗ്ള്‍ മാപ്പും ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. നേരത്തെ നിരവധി പാക്ക് സൈറ്റുകള്‍ ഹാക്ക് ചെയ്ത് വാര്‍ത്തയില്‍ നിറഞ്ഞ ടീമാണ് കേരള സൈബര്‍ വാരിയേഴ്‌സ്.