മുഖ്യമന്ത്രിയുടെ ആകാശ യാത്ര വിവാദം കൊഴുക്കുന്നു

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ച് മുഖ്യമന്ത്രി ആകാശ യാത്ര നടത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാസംബന്ധമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത് പൊലീസ് അല്ലെന്നുമാണ് ഡി.ജി.പി വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും ഡി.ജി.പി പറഞ്ഞിരുന്നു. എന്നാല്‍ വിമാന കമ്പനിയുടെ വിശദീകരണം പുറത്തുവന്നതോടെ ഡി.ജി.പിയുടെ വാദം പൊളിയുകയായിരുന്നു.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടര്‍ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. മുഖ്യമന്ത്രിക്കായി ഇരട്ട എഞ്ചിനുള്ള ഹെലികോപ്ടര്‍ ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരാനായിരുന്നു ധാരണ. മൈസൂരുവില്‍ നിന്ന് എത്തിക്കാനായതിനാലാണ് ആദ്യം പറഞ്ഞ 13 ലക്ഷത്തില്‍ നിന്നും എട്ട് ലക്ഷമായി വാടക കുറഞ്ഞതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഹെലികോപ്ടര്‍ വാടകക്കെടുത്തതും വിലപേശല്‍ നടത്തിയതും ഡി.ജി.പിയാണെന്ന് റവന്യു സെക്രട്ടറിയുടെ ഉത്തരവില്‍ തന്നെ വ്യക്തമാക്കുന്നു. സുരക്ഷ മാത്രമാണ് ഒരുക്കിയതെന്ന ഡി.ജി.പിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.

ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ആകാശയാത്ര. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും പൊതുഭരണവകുപ്പുമാണ്. പക്ഷെ അസാധാരണ നടപടികളാണ് വിവാദയാത്രയില്‍ നടന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ബംഗളൂരുവിലെ കമ്പനിയില്‍ നിന്നും ഹെലികോപ്ടര്‍ വാടകക്ക് തരപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മാസം 25നായിരുന്നു പൊലീസ് ആസ്ഥാനത്തുനിന്നും ഇതുസംബന്ധിച്ച കത്ത് റവന്യൂവകുപ്പിന് നല്‍കിയത്.

26നായിരുന്നു തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. ഹെലികോപ്ടര്‍ കമ്പനിക്ക് പണമാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തുനിന്നും അടുത്ത കത്ത് അയക്കുന്നത് 28ന്. 13 ലക്ഷം ചോദിച്ച കമ്പനിയോട് വിലപേശി എട്ടു ലക്ഷമാക്കിയെന്നാണ് റവന്യു സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. പിന്നാലെ എട്ട് ലക്ഷം അനുവദിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടുവെന്നും വ്യക്തമാക്കുന്നു.

വി. ഐ.പികളുടെ ആകാശയാത്ര സംബന്ധിച്ചുള്ള സുരക്ഷാ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഉത്തരവാദിത്തം ഇന്റലിജന്‍സിനും അതത് ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണുള്ളത്. വാഹനം വാടക്കെടുക്കലും വിലപേശലുമൊന്നും പൊലീസിന്റെ ഉത്തരവാദിത്തം അല്ലാതിരിക്കെയാണ് ചട്ടം ലംഘിച്ചുള്ള ഇടപെടലുകളുണ്ടായിരിക്കുന്നത്.

SHARE