റവന്യൂ മന്ത്രിക്കെതിരെ എ.ജിയെ മറയാക്കി മുഖ്യമന്ത്രി

ഗതാഗതമന്ത്രി തോമസ് ചാണ്ടിയൂടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിക്കെതിരെ അഡ്വക്കേറ്റ് ജനറലിനെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ വെട്ടിനിരത്തല്‍. ഹൈക്കോടതിയില്‍ ഹാജരാകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് മുഖ്യമന്ത്രി പിന്നില്‍ നിന്നും കളിച്ചത്.

സി.പി.ഐ നോമിനി കൂടിയായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനെ എ.ജി നിയോഗിച്ചതാണ് റവന്യുമന്ത്രിയെ പ്രകോപിപ്പിച്ചത്. താനറിയാതെ അഡീ.എ.ജിയെ നീക്കിയതില്‍ മന്ത്രി പ്രതിഷേധം അറിയിച്ചു. എന്നാല്‍ ഇത് തന്റെ വിവേചനാധികാരത്തില്‍ വരുന്ന കാര്യമാണെന്ന് എ.ജി തിരിച്ചടിച്ചു. മുഖ്യമന്ത്രി മുന്‍കയ്യെടുത്താണ് അഡീഷണല്‍ എ.ജിയെ മാറ്റിയതെന്നാണ് സൂചന. ഇതോടെ തോമസ് ചാണ്ടിയുടെ കേസില്‍ റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും വീണ്ടും ഏറ്റുമുട്ടുകയാണ്.

ഹൈക്കോടതിയില്‍ റവന്യു വകുപ്പിന്റെ കേസുകള്‍ രഞ്ജിത് തമ്പാനാണ് കൈകാര്യം ചെയ്തുവന്നത്. എന്നാല്‍ ഇപ്പോള്‍ തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് വന്നപ്പോള്‍ തമ്പാനെ മാറ്റി സോഹനെ നിയോഗിച്ചു. താന്‍പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് രഞ്ജിത് തമ്പാന്‍ മന്ത്രിയോട് പരാതിപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് മന്ത്രി ചന്ദ്രശേഖരന്‍ എ.ജിക്ക് കത്തു നല്‍കി. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി തണ്ണീര്‍ത്തടങ്ങളും വയലും നികത്തിയെന്ന കേസ് റവന്യൂവകുപ്പ് പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇതുകണക്കിലെടുത്ത് അഡീഷണല്‍ എ.ജി തന്നെ കേസില്‍ ഹാജരാകണമെന്നുമായിരുന്നു മന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ റവന്യൂമന്ത്രിയുടെ നിര്‍ദേശം തള്ളിയ എ.ജി, കേസില്‍ സോഹന്‍ തന്നെ ഹാജരാകുമെന്നും അറിയിച്ചു. നിലവില്‍ അഭിഭാഷകനെ മാറ്റേണ്ട സാഹചര്യമില്ല. ഇത്തരം കാര്യങ്ങള്‍ എ.ജിയുടെ വിവേചനാധികാരത്തിന്റെ പരിധിയില്‍ വരുന്നതാണ്. അഭിഭാഷകനെ മാറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ആലോചിക്കാമെന്നും സംസ്ഥാന താല്‍പര്യം സംരക്ഷിച്ച് മുന്നോട്ട് പോകുമെന്നും എ.ജിയുടെ ഓഫീസ് മന്ത്രിയെ അറിയിച്ചു. ഇതാണ് ചന്ദ്രശേഖരനെയും സി.പി.ഐ നേതൃത്വത്തെയും ചൊടിപ്പിച്ചത്. എ.ജിയുടെ നടപടിയില്‍ സി.പി.ഐക്ക് കടുത്ത പ്രതിഷേധമാണുള്ളത്. മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി എന്നാണ് സി.പി.ഐ സംശയിക്കുന്നത്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്തംഗം നല്‍കിയ കേസില്‍ ഹൈക്കോടതി റവന്യൂ വകുപ്പിന്റെ നിലപാട് ചോദിച്ചിരുന്നു. കയ്യേറ്റം സ്ഥിരീകരിക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ട് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കി. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ഭാഗം നിര്‍ണായകമാണെന്നിരിക്കെ അഡീഷണല്‍ എ.ജിയെ ഒഴിവാക്കിയത് സംശയകരമാണ്. തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ സി.പി.ഐയും റവന്യൂ വകുപ്പും കര്‍ശന നിലപാട് സ്വീകരിക്കുന്നത് മുഖ്യമന്ത്രിക്ക് അനിഷ്ടത്തിന് കാരണമായി എന്നാണ് സൂചന.

SHARE