അഡീ.ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു. റിലീഫ് കമ്മീഷണര്‍ കൂടിയായ പി.എച്ച് കുര്യനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ശാസിച്ചത്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു ഇത്.

ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകരുതെന്നും രാവിലെ തന്നെ തുടങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പത്ത് മണിയാകാന്‍ കാത്തിരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈനിക വിഭാഗങ്ങളെ കൃത്യമായി ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ടത് റിലീഫ് കമ്മീഷണറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ ജില്ലകളില്‍ ഹെലികോപ്റ്ററുകളുടെ സേവനം കൂടുതലാക്കും. 12 ഹെലികോപ്റ്ററുകള്‍ ഇപ്പോഴുണ്ട്. നിലവില്‍ കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്ററുകള്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE