കന്നുകാലി നിയന്ത്രണം: സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്തയച്ചു

തിരുവനന്തപുരം: കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.ഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് കന്നുകാലി കശാപ്പ് നിയന്ത്രണമെന്നും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും ചൂണ്ടിക്കാട്ടുന്നതാണ് കത്ത്.

ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതനിരപേക്ഷവിരുദ്ധവുമായ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും.രാജ്യത്തിന്റെ ഫെഡറല്‍-ജനാധിപത്യ-മതനിരപേക്ഷ പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്കും കൂടി ഇത് ഇടയാക്കും.

1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് ആക്റ്റിന്റെ കീഴില്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ തികച്ചും വിചിത്രമാണ്.ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ല.കേന്ദ്രനിയമത്തിന്റെ കീഴില്‍ ഇപ്പോള്‍ പുതുതായി കൊണ്ടുവന്നിരിക്കുന്ന ചട്ടങ്ങളുടെ പിന്നില്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളത്.

ഭരണഘടന പ്രകാരമുള്ള തൊഴിലെടുക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നത് മൂലം യുക്തിരഹിതമായി അടിച്ചേല്പിക്കപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കില്ല.ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യത്തെയും ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗത്തെയാണ് ചട്ടങ്ങള്‍ ഗുരുതരമായി ബാധിക്കുക.ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഈ നടപടി,തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മറികടന്നുകൊണ്ടു എടുത്തത് തികച്ചും നിര്‍ഭാഗ്യകരമാണ്.

നിര്‍ദ്ദിഷ്ടചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സംസ്ഥാന നിയമനിര്‍മാണ സംവിധാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍,അതത് സംസ്ഥാനങ്ങളുടെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായി നിയമനിര്‍മാണം നടത്തുവാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

SHARE