കൊച്ചിയില്‍ നാളെ ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി ആവേശപോര്

 

കൊച്ചി: നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിനായി ബെംഗളൂരു എഫ്.സി ടീം കൊച്ചിയിലെത്തി. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല.

ഇന്ന് രാവിലെ 9ന് പനമ്പിള്ളിനഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം സന്നാഹമൊരുക്കും. നാളെ വൈകിട്ട് 5.30നാണ് മത്സരം. ഉച്ചക്ക് രണ്ടു മണിമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് കയറാം. വൈകിട്ട് ആറു മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ അടക്കും.ആറു മണിക്ക് ശേഷം ആരെയും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.

അതേസമയം ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിനുള്ള ഗാലറി ടിക്കറ്റുകള്‍ മുഴുവനും വിറ്റുതീര്‍ന്നു. ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വച്ച 240 രൂപയുടെ ടിക്കറ്റുകളാണ് തീര്‍ന്നത്. 500 രൂപയുടെ ബി,ഡി ബ്ലോക്ക് (ഗോള്‍ പോസ്റ്റിന് പിറകിലെ ഇരിപ്പിടം) ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. ബ്ലോക്ക് സി (700), ബ്ലോക്ക് എ.ഇ (850) ടിക്കറ്റുകളാണ് ഇനി വില്‍പ്പനക്കുള്ളത്. മത്സരദിവസമായ നാളെ സ്റ്റേഡിയത്തിലെ ബോക്‌സ്ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കതൃക്കടവ് ബ്രാഞ്ചില്‍ നിന്ന് ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എം.ജി റോഡ് ബ്രാഞ്ചില്‍ നിന്നാണ് മാറ്റിവാങ്ങേണ്ടത്.

സമൂഹ മാധ്യമങ്ങളില്‍ ഇരുടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള വാഗ്വാദം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. അതിനാല്‍ റെക്കോഡ് കാണികളെയാണ് മത്സരത്തിന് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമംഗങ്ങളുടെ നേര്‍ക്കു നേര്‍ പോരാട്ടത്തിനും കൊച്ചി സാക്ഷ്യം വഹിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ ഹോം മാച്ചാണിത്. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് ഓരോ വീതം ജയവും തോല്‍വിയും നാലു സമനിലയുമായി ഏഴു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ടീം. ഏഴു മത്സരങ്ങളില്‍ നിന്ന് നാലു ജയവുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു എഫ്.സി. തുടര്‍ച്ചയായ രണ്ടു തോല്‍വിക്ക് ശേഷമാണ് ബെംഗളൂരു ടീം നിര്‍ണായക മത്സരത്തിനായി കൊച്ചിയിലെത്തുന്നത്.