സീസണിലെ നാലാം മത്സരത്തില്‍ ഒഡിഷയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ലാതെ കേരളം കളത്തില്‍ നിന്നുകയറി.
പരിക്ക് കാരണം ആദ്യ 23 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.ഡിഫന്‍ഡര്‍ ജെയ്റോ റോഡ്രിഗസിന് പേശീവലിവ് കാരണം പിന്മാറേണ്ടി വന്നപ്പോള്‍ 23ാം മിനിറ്റില്‍ ഒഡിഷ താരം അഡ്രിയാന്‍ സന്റാനയുമായി കൂട്ടിയിടിച്ച ബ്ലാസ്റ്റേഴ്സ് താരം മെസ്സി ബൗളി ബോധരഹിതനായത് സ്റ്റേഡിയത്തെ ആശങ്കയിലാഴ്ത്തി. അല്പസമയത്തിനു ശേഷം മെസ്സി ബോധം വീണ്ടെടുത്തത് ആശ്വാസമായി. മലയാളി താരങ്ങളായ കെ. പ്രശാന്തും കെ.പി. രാഹുലും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. 78ാം മിനിറ്റില്‍ റാഫിക്ക് പകരം ഓഗ്ബെച്ചെയെ കളത്തിലിറക്കിയെങ്കിലും സമനിലക്കുരുക്ക് പൊട്ടിക്കാന്‍ കേരളത്തിനായില്ല.