പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്

വാഹാട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. നോര്‍ത്ത് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.

മത്സരത്തിന്റെ 28ാം മിനിറ്റില്‍ വെസ് ബ്രൗണിന്റെ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. ബ്‌ലാസ്‌റ്റേഴ്‌സിന് അനുകൂലമായ കോര്‍ണറില്‍ ജാക്കിചന്ദ് സിംങ് പോസ്റ്റിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ വെസ് ബ്രൗണ്‍ വലയിലാക്കിയാണ് ബ്‌ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്.

 

16 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം വിജയമാണിത്. 14 മല്‍സരങ്ങളില്‍നിന്ന് 25 പോയിന്റുള്ള ജംഷഡ്പുര്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനു തൊട്ടുമുന്നിലുണ്ട്. ഇനിയുള്ള മല്‍സരങ്ങളില്‍ ജംഷഡ്പുരിന്റെ പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും. അതേസമയം, 16–ാം മല്‍സരത്തില്‍ സീസണിലെ 11–ാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്‍പതാം സ്ഥാനത്തു തുടരുന്നു.

 

SHARE