കൊമ്പന്‍മാര്‍ പുറത്തായിട്ടില്ല: ബ്ലാസ്റ്റേഴ്‌സിനു മുന്നിലെ പ്ലേഓഫ് സാധ്യതകള്‍

 

കൊച്ചി: കഴിഞ്ഞ ദിവസം സ്വന്തം കാണികള്‍ക്കു മുന്നില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത അസ്തമിച്ചു എന്നു കരുത്താന്‍ വരട്ടെ. ഐ.എസ്.എല്ലില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സാങ്കേതികമായി ഇപ്പോഴും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്.

 

നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള ബംഗളൂരു എഫ് സിക്ക് പുറമേ, 29 പോയിന്റ് വീതം ഉള്ള പൂനെ സിറ്റി , ചെന്നൈയിന്‍ എഫ്.സി എന്നിവര്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചസുരക്ഷിതമാണ്. ഇനി ശേഷിക്കുന്നത് ഒരു സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നത് നാലു ടീമുകളാണ്.26 പോയിന്റുമായി നാലാമതുളള ജംഷഡ്പൂര്‍ എഫ് സി , 25 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് , 23 പോയിന്റുള്ള മുംബൈ സിറ്റി , 21 പോയിന്റുള്ള ഗോവ എഫ.സി. എന്നീ ടീമുകളാണ് നാലാം സ്ഥാനത്തിനു വേണ്ടി രംഗത്തുള്ള ടീമുകള്‍.

വ്യാഴാഴ്ച ബംഗളുരുവിനെതിരെയുള്ള അവസാന മത്സരത്തില്‍ ജയിച്ചാല്‍ 28 പോയന്റാകും ബ്ലാസ്റ്റേഴ്‌സിന്. അതേസമയം നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ശക്തരായ ബംഗളുരു , ഗോവ എന്നീ ടീമുകള്‍ക്ക് എതിരെയാണ്. ജംഷഡ്പൂര്‍ ഈ രണ്ട് കളിയും തോല്‍ക്കുകയോ പരമാവധി ഒരു പോയിന്റ് കൂടി മാത്രം നേടുകയോ വേണം.

ഗോവക്ക് മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. മൂന്ന് മത്സരങ്ങളില്‍ ജംഷഡ്പൂര്‍ , എടികെ , പൂനെ സിറ്റി എന്നിവരെ നേരിടുന്ന ഗോവ ജംഷഡ്പൂരിനെ തോല്‍പ്പിക്കുകയും മറ്റ് രണ്ട് ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ഒന്നിലെങ്കിലും തോല്‍ക്കുകയും ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് നേട്ടമാകും .

മുംബൈയ്ക്ക് എതിരാളികള്‍ ചെന്നൈയിനെയും ഡല്‍ഹിയെയുമാണ്. 2 കളിയും മുംബൈ ജയിച്ചാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പേടിക്കേണ്ടതുള്ളൂ.

നിലവിലെ സാഹചര്യത്തില്‍ അവസാനം മത്സരം ജയിച്ചാല്‍ കൊമ്പന്‍മാര്‍ക്ക് ഇപ്പോഴും മുന്നേറാന്‍ സാധ്യതയുണ്ട്. കൂടാതെ തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുംബൈ, ഗോവ , ജാംഷഡ്പൂര്‍ ടീമുകള്‍ കൂടി ഫലങ്ങള്‍ അനുകൂലമാകണം എന്നു മാത്രം. അതേസമയം ബംഗളുരുവിനെതിരായ മത്സരം സമനിലയായാല്‍ മഞ്ഞപ്പടയുടെ എല്ലാ വഴിയും അടയും.