ഗോള്‍മഴ, മത്സരം സമനില; ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്ത്

ഭുവനേശ്വര്‍: സീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. ഇരുടീമുകളും നാല് ഗോള്‍ വീതം നേടി.

ഒഡിഷയ്ക്കായി മാനുവല്‍ ഒന്‍വു ഹാട്രിക് നേടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായി ബര്‍തലോമു ഒഗ്‌ബെച്ചെ ഇരട്ടഗോള്‍ കണ്ടെത്തി. മെസ്സി ബൗളിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളും ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലെത്തി. മാന്‍വുല്‍ ഒന്‍വുവിനെക്കൂടാതെ മാര്‍ട്ടിന്‍ പെരെസ് ഗ്യൂഡെസും ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു.

മികച്ച ഫോമിലുള്ള ഒന്‍വു കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഒഡിഷയ്ക്ക് ലീഡ് നല്‍കി. എന്നാല്‍ ആറം മിനിറ്റില്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. 28ാം മിനിറ്റില്‍ മെസ്സി ബൗളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. ജെസ്സെലിന്റെ ക്രോസില്‍ നിന്നായിരുന്നു മെസ്സി ബൗളിയുടെ ഗോള്‍. പക്ഷേ ഈ ലീഡിന് അധികം ആയുസുണ്ടായില്ല. 36ാം മിനിറ്റില്‍ ഒന്‍വുവിന്റെ സുന്ദര ഫ്രീ കിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെത്തി. സ്‌കോര്‍ 22. 44ാം മിനിറ്റില്‍ പെരെസിന്റെ പെനാല്‍റ്റിയിലൂടെ ഒഡീഷ ലീഡെടുത്തു.

രണ്ടാം പകുതിയിലും ഒഡിഷയ്ക്ക് ഗോള്‍ ക്ഷാമമുണ്ടായില്ല. 51ാം മിനിറ്റില്‍ ഒന്‍വുവിന്റെ ഹാട്രിക് ഗോളെത്തി. ഇതോടെ ആതിഥേയര്‍ 42ന് മുന്നിലെത്തി. എന്നാല്‍ രണ്ടു പെനാല്‍റ്റികള്‍ വഴങ്ങി ഒഡിഷ വിജയം കൈവിട്ടു. 82ാം മിനിറ്റിലും 94ാം മിനിറ്റിലും ഒഗ്‌ബെച്ചെ ബ്ലാസ്‌റ്റേഴ്‌സിനായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഫൈനല്‍ വിസിലില്‍ മത്സരം സമനിലയില്‍.

18 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഏഴു സമനിലയും ഏഴു തോല്‍വിയുമായി 19 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. 18 മത്സരങ്ങളില്‍ ഏഴു വീതം വിജയവും തോല്‍വിയും നാല് സമനിലയുമായി 25 പോയിന്റോടെ ഒഡിഷ ആറാം സ്ഥാനവുമായി തൃപ്തിപ്പെട്ടു.

SHARE