കേരള ബ്ലാസ്റ്റേഴ്‌സ് -ബെംഗളൂരു എഫ്.സി മത്സരം; ആരാധകര്‍ കാത്തിരുന്ന പോരാട്ടം

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

ഇന്നത്തെ പുതുവര്‍ഷ രാവിലെ ആഘോഷം ആരുടേതായിരിക്കും, കേരള ബ്ലാസ്റ്റേഴ്‌സിന്റെയോ, ബെംഗളൂരു എഫ്.സിയുടേതോ. കൊച്ചിയില്‍ ഇന്ന് ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ്. ഐ.എസ്.എല്‍ ഫിക്‌സ്ചര്‍ പുറത്തുവന്നതു മുതല്‍ ഈ മത്സരത്തെ കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളെല്ലാം. ഇരുടീമുകളുടെ ആരാധകര്‍ തമ്മിലുള്ള വാക്ക് പോരും മത്സരത്തിന് മുമ്പേ കളത്തെ ചൂടുപിടിപ്പിച്ചു. വൈകിട്ട് 5.30നാണ് കിക്കോഫ്. ഉച്ചക്ക് രണ്ടു മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവും. സുരക്ഷ കാരണങ്ങളാല്‍ വൈകിട്ട് ആറു മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഫോമിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ ഹോം മാച്ചാണിത്. ഇനി ആകെ അവശേഷിക്കുന്നത് നാലു ഹോം മത്സരങ്ങള്‍ മാത്രം. മറ്റു മത്സരങ്ങളെല്ലാം എവേ ഗ്രൗണ്ടില്‍ ശക്തരായ എതിരാളികള്‍ക്കെതിരെയാണ്. അതിനാല്‍ ഇനിയുള്ള എല്ലാ ഹോം മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം തന്നെ. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് ഓരോ വീതം ജയവും തോല്‍വിയും നാലു സമനിലയുമായി ഏഴു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ടീം. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെതിരെ അവസാന മിനുറ്റില്‍ സമനില പിടിക്കാനായത് ടീമിന്റെ ആത്മവീര്യം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ലീഗില്‍ ഇതുവരെ താളം കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. കൃത്യമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗോളടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍തന്നെ. മുന്നേറ്റത്തില്‍ മൂര്‍ച്ച കുറവാണ്. ഭാവനാശൂന്യമായ മധ്യനിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങളെ മരവിപ്പിക്കുന്നത്. ഈയിടെ കരാര്‍ ഒപ്പിട്ട കെസിറോണ്‍ കിസിട്ടോയെ കോച്ച് റെനി മ്യുലെന്‍സ്റ്റീന്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. വെസ് ബ്രൗണ്‍ കളംനിറഞ്ഞു കളിക്കുന്നുണ്ട്. പ്രതിരോധത്തില്‍ വെസ് ബ്രൗണിനൊപ്പം സന്ദേശ് ജിങ്കനും നെമാന്യ ലെസിച്ച് പെസിച്ചും മികവുകാട്ടുന്നു. മുന്നേറ്റത്തില്‍ മാര്‍ക് സിഫ്‌നിയോസിനെയാണ് മ്യുലെന്‍സ്റ്റീന് താല്‍പര്യം. ഇയാന്‍ ഹ്യൂം പകരക്കാരുടെ ബഞ്ചില്‍ തുടരും. വിനീതിന്റെ ഗോളടിമികവില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നു.

‘ഏറെ പ്രത്യേകതകളോടെയാണ് ഇന്നത്തെ മത്സരത്തെ കാണുന്നത്. ഡെര്‍ബി ഫീല്‍ തരുന്ന മത്സരമാണിത്. ചെറിയ മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സിനുണ്ട്-മ്യുലെന്‍സ്റ്റീന്റെ വാക്കുകള്‍. പരിക്കേറ്റ് പുറത്തിരിക്കുന്ന ദിമിതല്‍ ബെര്‍ബറ്റോവ് ഇന്ന് കളിക്കുമോയെന്ന കാര്യത്തില്‍ കോച്ച് ഉറപ്പ് നല്‍കുന്നില്ല. ടീമിന്റെ പരിശീലനങ്ങളില്‍ ബെര്‍ബറ്റോവ് സജീവമായിരുന്നു, ഇന്ന് അദ്ദേഹത്തിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ-കോച്ചിന്റെ വാക്കുകള്‍. ചെന്നൈയിനെതിരെ കളിക്കുമ്പോള്‍ പരിക്കേറ്റ റിനോ ആന്റോ ഇന്നിറങ്ങിയേക്കില്ല.

തിരിച്ചുവരവിന് ബെംഗളൂരു

തുടര്‍ച്ചയായ രണ്ടു തോല്‍വിക്ക് ശേഷമാണ് ബെംഗളൂരു ടീം നിര്‍ണായക മത്സരത്തിനായി കൊച്ചിയിലെത്തുന്നത്. ഏഴു മത്സരങ്ങളില്‍ നിന്ന് നാലു ജയവുമായി നാലാം സ്ഥാനത്താണ് ബെംഗളൂരു എഫ്.സി. ഇന്നത്തെ മത്സരം ജയിച്ചാല്‍ ബെംഗളൂരുവിന് 15 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താം. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷമുണ്ടായ തോല്‍വികള്‍ ടീമിനെ ബാധിച്ചിട്ടുണ്ട്. ഒത്തിണക്കമുള്ള സംഘമാണ് ബെംഗളൂരുവിന്റേത്. തുടര്‍ച്ചയായ രണ്ട് കളി തോറ്റതിന്റെ നിരാശയുണ്ട് കോച്ച് ആല്‍ബര്‍ട്ട് റോച്ചെയ്ക്ക്. പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് സഹ പരിശീലകന്‍ നൗഷാദ് മൂസ. ജൂലൈ മുതല്‍ ഞങ്ങള്‍ കളിക്കുന്നുണ്ട്. എ.എഫ്.സി കപ്പില്‍ ഉള്‍പ്പെടെ കളിച്ചതിന്റെ പരിചയ സമ്പത്തുണ്ട്. അതു തുണയ്ക്കുമെന്നാണ് പ്രതീക്ഷ- നൗഷാദ് മൂസ വ്യക്തമാക്കി. പരിക്കേറ്റ ഉദാന്ത സിങ് ഇന്ന് കളിച്ചേക്കില്ല. അവധിക്ക് പോയ ജോണ്‍ ജോണ്‍സണ്‍ന്റെ സേവനവും ബെംഗളൂരിന് നഷ്ടമാവും.

മഞ്ഞപ്പട VS വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്

ഐ.എസ്.എല്‍ ടീമുകള്‍ക്കിടയില്‍ പേരുകേട്ട രണ്ടു ഫാന്‍സ് ക്ലബ്ബുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയും ബെംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. ഇരു ഫാന്‍സ് ഗ്രൂപ്പും തമ്മിലുള്ള വാക്ക്‌പോര് ഐ.എസ്.എലിന്റെ തുടക്കം മുതല്‍ തുടങ്ങിയതാണ്. ഓരോ ദിവസവും അത് ശക്തിയാര്‍ജ്ജിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ബെംഗളൂരു എവേ മത്സരത്തോളം അത് നീളുമെന്നുറപ്പ്. മഞ്ഞപ്പടയുടെ കോട്ടയാണെങ്കിലും ബെംഗളൂരുവിനായി ആര്‍പ്പു വിളിക്കാന്‍ വെസ്റ്റ് ബ്ലോക് ബ്ലൂസിന്റെ ഒരു സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അതിനാല്‍ മറ്റു മത്സരങ്ങളില്‍ കാണാത്ത ആവേശമായിരിക്കും കൊച്ചിയിലെ ഗാലറിയില്‍ ഇന്ന് കാണുക.

ഛേത്രി VS ജിങ്കാന്‍

സവിശേഷതകള്‍ ഏറെയുണ്ട് ഇന്നത്തെ മത്സരത്തിന്. ബെംഗളൂരു എഫ്.സി നായകന്‍ സുനില്‍ഛേത്രിയും ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാനുമടക്കം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിക്കുന്ന ഒരു കൂട്ടം കളിക്കാര്‍ ഇന്ന് നേര്‍ക്കുനേര്‍ വരികയാണ്. മാത്രമല്ല, നേരത്ത ബെംഗളൂരു എഫ്.സിക്കായി കളിച്ച ചില താരങ്ങള്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും നേരത്തെ ബെംഗളൂരിന്റെ ജഴ്‌സിയിലായിരുന്നു. സന്ദേശ് ജിങ്കാനും സിയാം ഹാങലും നേരത്തെ നീലപ്പടക്കായി കളിച്ചവരാണ്. ഏഴ് കളിയില്‍ 14 ഗോളാണ് ബെംഗളൂരു അടിച്ചത്. ഒമ്പതെണ്ണം വഴങ്ങി. ബ്ലാസ്‌റ്റേഴ്‌സ് അടിച്ചത് അഞ്ച് ഗോള്‍. വഴങ്ങിയത് ഏഴും. അതിനാല്‍ ബെംഗളൂരു ആക്രമണവും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും തമ്മിലായിരിക്കും ഇന്ന് കളി.

SHARE