മഞ്ഞപ്പടക്ക് മൂന്നാം ഊഴം ഇന്ന്; മുന്നില്‍ ഡല്‍ഹി !

kerala blasters

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് രക്ഷ തേടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം, ലീഗില്‍ മൂന്നാമത്തേതും, രണ്ടു കളിയും തോറ്റ ടീമിന് ഇന്ന് ജയത്തില്‍ കുറഞ്ഞ ലക്ഷ്യമില്ല. ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി തോറ്റാല്‍ തിരിച്ചു വരവ് പ്രയാസമാണെന്ന് താരങ്ങള്‍ക്കും മാനേജ്‌മെന്റിനും അറിയാം. അതിനാല്‍ ടീമില്‍ നിലവിലുള്ള താരസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തി ജയിച്ചു കയറാനായിരിക്കും സ്റ്റീവ് കോപ്പലിന്റെ ശ്രമം. ചെന്നൈയിനെ അവരുടെ ഗ്രൗണ്ടില്‍ 3-1ന് തോല്‍പിച്ച ശേഷം എത്തുന്ന ഡല്‍ഹി ചില്ലറക്കാരല്ലെന്ന് കോച്ച് സമ്മതിച്ചു കഴിഞ്ഞു.

കൊല്‍ക്കത്തയേക്കാള്‍ ശക്തരാണ് ഡല്‍ഹി നിരയെന്ന് കോപ്പല്‍ തുറന്നു പറഞ്ഞു. മറുഭാഗത്ത്, എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന വന്‍ കാണിക്കൂട്ടത്തെ സാക്ഷിയാക്കി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെ ചെറുതായി കാണാന്‍ ഡല്‍ഹിയും ശ്രമിക്കുന്നില്ല. എങ്ങനെ അളന്നാലും ജിയാന്‍ലൂക്ക സംബ്രോട്ടയുടെ തന്ത്രങ്ങളുമായി ഇറങ്ങുന്ന ഡല്‍ഹിക്ക് തന്നെയാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം.

ആദ്യ സീസണിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നിറം മങ്ങി പോയ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനായിട്ടില്ല. പോയ സീസണില്‍ തുടരെ തോല്‍വികളേറ്റു വാങ്ങി പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലായിരുന്നു ടീം. അതിന്റെ തുടര്‍ച്ചയെന്ന് തോന്നിക്കും വിധമാണ് മൂന്നാം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും. ഒരേയൊരു ഗോള്‍ വഴങ്ങിയാണ് ഇരുമത്സരങ്ങളും തോറ്റതെന്നത് മാത്രമാണ് ഏക ആശ്വാസം. പടനായകന്‍ ആരോണ്‍ ഹ്യൂസ് ഇന്നും ടീമിനൊപ്പമുണ്ടാവില്ല, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് പറന്ന ഹ്യൂസ് വ്യാഴാഴ്ച്ച തിരികെയെത്തുമെന്നാണ് കോച്ച് പറയുന്നത്. വെള്ളിയാഴ്ച്ചയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഹ്യൂസിന് പുറമേ മലയാളി താരങ്ങളായ റിനോ ആന്റോയുടെയും സി.കെ വിനീതിന്റെയും കൂടി സേവനം ഇന്നും ടീമിന് ലഭിക്കില്ല. എ.എഫ്.സി കപ്പിന്റെ സെമിഫൈനല്‍ പ്രവേശം നേടിയ ബംഗളൂരു എഫ്.സിക്കൊപ്പമാണ് ഇരുവരും.

കൊല്‍ക്കത്തക്കെതിരെ ലെഫ്റ്റ്ബാക്കില്‍ കളിച്ച പ്ലേമേക്കറായ ഹോസുവിനെ ഇന്നും അതേ സ്ഥാനത്ത് കാണാം. ഹെങ്ബര്‍ത്ത്, ജിങ്കാന്‍ എന്നിവര്‍ക്കൊപ്പം പ്രഥിക് ചൗധരിയും ഡല്‍ഹിയുടെ ആക്രമണം തടയാന്‍ പിന്‍നിരയിലുണ്ടാവും. കഴിഞ്ഞ തവണ സൈഡ് ബെഞ്ചിലിരുന്ന അസ്‌റക് മെഹ്മത് ഇന്ന് മിഡ്ഫീല്‍ഡിലേക്ക് തിരിച്ചു വന്നേക്കും. മെഹ്താബ് ഹുസൈന്‍, എന്‍ദോയെ, ബെല്‍ഫോര്‍ട്ട് എന്നിവരായിരിക്കും കൂട്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ലെങ്കിലും ജെര്‍മെയ്‌നെ മാറ്റി നിര്‍ത്തിയുള്ള ആക്രമണത്തിന് ഇന്നും കോച്ച് മുതിരില്ല. ബാറിന് കീഴില്‍ സന്ദീപ് നന്ദിക്കാണ് കൂടുതല്‍ സാധ്യത.

ചാമ്പ്യന്‍മാരെ തോല്‍പിച്ചതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡൈനാമോസ്. ചെന്നൈയിനെതിരെ ഇരട്ട ഗോള്‍ നേടിയ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോ, സെനഗല്‍ താരം ബദാറാ ബാദ്ജി, റിച്ചാര്‍ഡ് ഗാഡ്‌സെ, കീന്‍ ലൂയിസ്, മാര്‍ക്കോസ് ടെബര്‍, മിലന്‍ സിങ്, തുടങ്ങിയവര്‍ ഇരുപകുതികളിലായി കളത്തിലിറങ്ങും. മാര്‍ക്വി താരം ഫ്‌ളോറന്റ് മലൂദ ഇന്നും പകരക്കാരന്റെ റോളിലായിരിക്കും. പ്രതിരോധത്തില്‍ മാത്രമാണ് ടീമിന് അല്‍പമെങ്കിലും ആശങ്കയുള്ളത്. ഇരുസീസണിലുമായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ടീമിന് ക്ലീന്‍ഷീറ്റ് നേടാനായിട്ടില്ല, ഏഴു ഗോളുകളാണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം അനസ് എടത്തൊടികക്ക് ഇന്ന് വിശ്രമം നല്‍കാനാണ് സാധ്യത.

അങ്ങനെ വന്നാല്‍ പ്രതിരോധം വീണ്ടും ദുര്‍ബലമാകും. ലീഗില്‍ ഇതുവരെ നാലു വട്ടം ഇരുടീമുകളും മുഖാമുഖം വന്നിട്ടുണ്ട്. ഒരോ തവണ ഇരുടീമും ജയിച്ചു. രണ്ടു മത്സരങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്നു. ഏറ്റവുമൊടുവില്‍ ഡല്‍ഹിയുടെ കളത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-3ന് സമനിലയായിരുന്നു ഫലം. കൊച്ചിയിലെ അവസാന മത്സരത്തില്‍ ഗാഡ്‌സെയുടെ ഗോളില്‍ ഡല്‍ഹി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയിരുന്നു.

അഷ്‌റഫ് തൈവളപ്പ്

SHARE