പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക് കുറിപ്പിലാണ് ഇതേ സംബന്ധിച്ച വിജ്ഞാപനമുള്ളത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നീക്കങ്ങള്‍ നടക്കാതിരിക്കാന്‍ ഉദ്ദേശിച്ചാണ് നിയമനടപടി എന്നും വിജ്ഞാപനത്തില്‍ പറയുന്നു.
എന്നാല്‍ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ടി.പി സെന്‍കുമാറും പ്രതീഷ് വിശ്വനാഥും നിരന്തരം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തുകൊണ്ടിരിക്കുന്നത് കേരള പൊലീസ് കാണുന്നില്ല. അതേസമയം നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നിതാന്ത ജാഗ്രതയോടെ പൊലീസ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സംഘപരിവാര്‍ നേതൃത്വങ്ങളില്‍ നിന്നുവരുന്ന വിദ്വേഷങ്ങളെ കൈയും കെട്ടി നോക്കി നില്‍ക്കുകയും സമാധാന സമരം നടത്തുന്ന ആളുകളെ ദുരുദ്ദേശപരമായി കുടുക്കുകയും ചെയ്യുന്ന കേരള പൊലീസ് ആരുടെ കൂടെയാണെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഇത്തരം നീക്കങ്ങള്‍.
നേരത്തെ പ്രസ്‌ക്ലബ്ബില്‍ സെന്‍കുമാറിന്റെ അനുയായികള്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന പരാതി നല്‍കിയ കലാപ്രേമി റിപ്പോര്‍ട്ടര്‍ കടവില്‍ റഷീദിനെതിരെ കേസെടുത്തു. ഇതിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സെന്‍കുമാറിനെതിരെ അഭിപ്രായം പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി. സുരേഷ്‌കുമാറിനെതിരെയും കേസെടുത്തിരുന്നു. സെന്‍കുമാറിന്റെ പരാതിയിലായിരുന്നു കടവില്‍ റഷീദിനെതിരെയുള്ള കേസ്. വര്‍ഗീയ വിഷം വിളമ്പുന്ന വി.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥനെതിരെയും ഒരു കേസുമില്ല.
സെന്‍കുമാറിനെതിരെ നിയമപരമായി നീങ്ങണമെന്നു പറഞ്ഞതിനാണ് സുരേഷ് കുമാറിനെതിരെ കേസെടുത്തത്. ഇതിലെന്ത് മതസ്പര്‍ധയും വിദ്വേഷവുമാണ് ഉള്ളത്? മോദിയുടേയും അമിത്ഷായുടേയും യോഗി ആദിത്യനാഥിന്റെയും പൊലീസിനെപ്പോലെയാണ് കേരളാ പൊലീസ് പെരുമാറുന്നത് എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളെ ശരിവെക്കുന്ന വിധത്തിലാണ് കേരളാ പൊലീസിന്റെ ഓരോ നടപടികളും.