റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപ ചെല്‍സിയില്‍

ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്‌പെയിനിലെ അത്‌ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന്‍ ലണ്ടന്‍ ക്ലബ്ബ് വാങ്ങിയത്. തിബോട്ട് കോര്‍ട്വ റയല്‍ മാഡ്രിഡിലേക്ക് പോയ വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് സ്പാനിഷ് കീപ്പറെ വാങ്ങിയ കാര്യം ചെല്‍സി സ്ഥിരീകരിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കീപ്പറായി ഇതോടെ കെപ.

ഒമ്പതാം വയസ്സു മുതല്‍ ബില്‍ബാവോയുടെ ഭാഗമായ കെപ വികാരഭരിതമായ കുറിപ്പോടെ ആരാധകരോട് യാത്ര ചോദിച്ചു. വ്യക്തിപരവും പ്രൊഫഷണലുമായ വെല്ലുവിളികള്‍ തേടിയാണ് താന്‍ ക്ലബ്ബ് മാറുന്നതെന്നും ഇക്കാര്യം ആരാധകര്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബെല്‍ജിയം താരമായ തിബോട്ട് കോര്‍ട്വ റയല്‍ മാഡ്രിഡുമായി ആറു വര്‍ഷ കരാറിലാണ് ഒപ്പുവെച്ചത്. പകരമായി റയലിന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാത്യു കോവാചിച്ച് ഒരു സീസണില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ചെല്‍സിക്കു വേണ്ടി കളിക്കും.