തലച്ചോറില്‍ രക്തം കട്ടപിടിച്ചയാള്‍ക്ക് പകരം തലവേദനയുമായി എത്തിയ ആളെ ശസ്ത്രക്രിയക്കു വിധേയമാക്കി; നാല് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു

നെയ്‌റോബി: പല്ലിന് ക്ലിപ്പിടാന്‍ എത്തിയ ആളുടെ പല്ല് പറിക്കല്‍ പോലുള്ള അമളികള്‍ പറ്റാറുണ്ടെങ്കിലും ആളുമാറി ശസ്ത്രക്രിയക്കു വിധേയനാക്കുക എന്നത് കേട്ടു കേള്‍വിയില്ലാത്തതാണ്. പക്ഷേ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്കു പകരം കെനിയാത്ത നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു വിധേയനാക്കിയത് തലവേദനയും നെറ്റിയില്‍ നീര്‍ക്കെട്ടുമായി എത്തിയ ആളെയാണ്. ശസ്ത്രക്രിയയുടെ ഘട്ടം വരെ ഡോക്ടര്‍മാര്‍ക്ക് തങ്ങള്‍ക്കു പറ്റിയ പിശക് മനസിലായില്ല. രോഗിയുടെ തലയോട്ടി കീറി തലച്ചോര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് രക്തം കട്ടപിടിച്ചത് കാണാന്‍ കഴിയാതെയായതോടെയാണ് ആളു മാറിയതായി മനസിലായത്. സംഭവം വിവാദമായതോടെ നാലു ഡോക്ടര്‍മാരെ ആസ്പത്രി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

അബദ്ധത്തില്‍ ശസ്ത്രക്രിയക്കു വിധേയനാകേണ്ടി വന്നയാള്‍ സുഖം പ്രാപിച്ചു വരുന്നതായി ആസ്പത്രി സി.ഇ.ഒ ലിലി കോറോസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലടക്കം ആസ്പത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ഗര്‍ഭിണികള്‍ ലൈംഗിക പീഡനത്തിന് വിധേയമായതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറാഴ്ച മുമ്പ് ഇതേ ആസ്പത്രിക്കെതിരെ അന്വേഷണത്തിന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു.