കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ക്ഷണമില്ല

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ മൂന്നാം തവണ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇത്തവണ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാംലീലാ മൈതാനത്താണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 70ല്‍ 62 സീറ്റ് നേടിയാണ് കെജ്‌രിവാള്‍ മൂന്നാംതവണ അധികാരം ഉറപ്പിച്ചത്.

ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്ന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും ക്ഷണിച്ചിട്ടില്ലെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു അപ്രതീക്ഷിത അതിഥിയുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ കുഞ്ഞ് ബാലനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ട്വിറ്ററിലൂടെയാണ് കുഞ്ഞ് കെജ്‌രിവാളിനെ അവര്‍ ക്ഷണിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ദേശീയ നേതാക്കള്‍ ദിവസങ്ങളോളം പ്രചരണ രംഗത്തെത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ തിരിച്ചടികള്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനും രണ്ടു മാസത്തിനുമിടെ ആറാമത്തെ സംസ്ഥാനത്തിലാണ് ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങുന്നത്.

SHARE