
രാജ്യതലസ്ഥാനം പിടിച്ചെടുക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ അവസാന ആണിയും അടിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച അരവിന്ദ് കെജ്രിവാളും സംഘവും വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.
ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 63 സീറ്റുകളിലും ബിജെപി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് അടുത്ത അഞ്ച് വര്‍ഷവും പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും വന്‍ തിരിച്ചടിയായിരിക്കുകയാണ്. വര്‍ഗീയത കൊണ്ട്മാത്രം വിവാദ നായകനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥിനെയും മോദിഷാ കൂട്ടുകെട്ടിന്റെ പുതിയ രൂപമായ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെയും ബിജെപി രംഗത്തിറക്കിയിട്ടും വന്‍ തോല്‍വിയാണ് ബിജെപി നേരിടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ദേശീയ നേതാക്കള്‍ ദിവസങ്ങളോളം പ്രചരണ രംഗത്തെത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ തിരിച്ചടികള്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനും രണ്ടു മാസത്തിനുമിടെ ആറാമത്തെ സംസ്ഥാനത്തിലാണ് ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങുന്നത്.ബിജെപിയുടെ കടുത്ത തോല്‍വിക്ക് പ്രധാന കാരണമാകുന്നതില്‍ ഒന്നും അതുതന്നെയാണ്.
എന്നാല്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തിന് പ്രതികരണവുമായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നു. വിജയത്തിന് പ്രാധാന്യമുണ്ടെന്നും ഇത് ഭാരതീയ ജനതാ പാര്‍ട്ടിക്കും അതിന്റെ വര്‍ഗീയ അജണ്ടയ്ക്കുമേറ്റ തിരിച്ചടിയാണെന്നും ആം ആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്നത് എല്ലാവര്ക്കും അറിയാമായിരുന്നു. കോണ്‍ഗ്രസിനേറ്റ പരാജയം ഒരു നല്ല സന്ദേശമല്ല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെജരിവാളിനെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ ബിജെപിക്ക് അവസരമൊരുക്കേണ്ടെന്ന തീരുമാനവും കോണ്‍ഗ്രസ് എടുത്തതായാണ് വിവരം. ബിജെപിയെ തോല്പിക്കാന് കോണ്‍ഗ്രസ് മനഃപൂര്‍വം വിട്ടുവീഴ്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ് തുള്‍സിയും പറഞ്ഞിരുന്നു. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ കോണ്‍ഗ്രസ് ചില ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുള്‍സി പറഞ്ഞു. നേരത്തെ വേണ്ടി വന്നാല്‍ എഎപിയുമായി സഖ്യമുണ്ടാക്കുമെന്ന് പിസി ചാക്കോയും പറഞ്ഞിരുന്നു.
എ.എ.പി.യുടെ വികസന നേട്ടങ്ങളെയും കെജ്രിവാളിന്റെ പ്രതിച്ഛായയെയും വികസനം ചര്‍ച്ചചെയ്ത് മറികടക്കാനാകില്ലെന്ന തിരിച്ചറിവ് ബി.ജെ.പി.ക്ക് ആദ്യഘട്ടത്തില്‍ തന്നെ കൈവന്നിരുന്നു. ഷഹീന്‍ബാഗിലെ പ്രതിഷേധ ജ്വാല ബി.ജെ.പി.യെ പ്രതിരോധത്തില്‍ വീഴ്ത്തുകയും ചെയ്തു. ഷഹീന്‍ബാഗ് പ്രതിഷേധം രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയാണെന്ന് വ്യാഖ്യാനിക്കാന്‍ പ്രധാനമന്ത്രിയും അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തിറങ്ങി. എന്നാല്‍ ഇതിനൊക്കെയുമുള്ള മറുപടിയായാണ് ജനം വിധിയെഴുതിയത്.