ബി.ജെ.പിയുടേത് തരംതാണ രാഷ്ട്രീയം; വിമര്‍ശനവുമായി കെജ്‌രിവാളിന്റെ മകള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരായ ബിജെപിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിത. രാഷ്ട്രീയം കൂടുതല്‍ തരംതാണതിന്റെ ലക്ഷണമാണ് ബി.ജെ.പിയുടെ പ്രതികരണങ്ങളെന്ന് ഹര്‍ഷിത പ്രതികരിച്ചു. കെജ്‌രിവാള്‍ ഭീകരപ്രവര്‍ത്തകനാണെന്ന ബി.ജെ.പി പരാമര്‍ശത്തിനെതിരെയായിരുന്നു ഹര്‍ഷിതയുടെ പ്രതികരണം.’ആരോഗ്യ സേവനങ്ങള്‍ സൗജന്യമാക്കിയതാണോ ഭീകരവാദം? കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഭീകരവാദമാണോ? ആളുകള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്നത് ഭീകരവാദമാണോ?’ ഇരുപത്തിനാലുകാരിയായ ഹര്‍ഷിത കേജ്‌രിവാള്‍ ചോദിച്ചു.

അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കട്ടെ. 200 എംപിമാരെയും 11 മുഖ്യമന്ത്രിമാരെയും കൊണ്ടുവരട്ടെ. ഞങ്ങള്‍ മാത്രമല്ല, രണ്ടു കോടി സാധാരണക്കാരും ആം ആദ്മി പാര്‍ട്ടിക്കായി പ്രചാരണത്തിലാണ്. ആരോപണങ്ങളുടെയാണോ അതോ പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലാണോ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതെന്നു ഫെബ്രുവരി 11ന് അറിയാമെന്നും ഹര്‍ഷിത പറഞ്ഞു.ബിജെപി എംപി പര്‍വേശ് വര്‍മയാണ് ഡല്‍ഹി മുഖ്യമന്ത്രി ഭീകരവാദിയാണെന്ന തരത്തില്‍ ആദ്യം പ്രസ്താവന നടത്തിയത്. പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പര്‍വേശിന്റെ പ്രസ്താവന. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും കേജ്‌രിവാള്‍ ഭീകരനാണെന്നു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

SHARE