ഇലക്ട്രോണിക് മെഷീനെ പറ്റി മിണ്ടാതെ; ബിജെപിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് (എം.സി.ഡി) നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. വോട്ടിങ് യന്ത്രങ്ങളില്‍ ക്രിത്രിമം നടന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തെ തുടര്‍ന്നാണ് അഭിനന്ദനവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്.

ഇലക്ട്രോണിക് മെഷീന്‍ വിഷയത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രി, ഡല്‍ഹിയുടെ വികസനത്തിനുവേണ്ടി എം.സി.ഡികളുമായി സര്‍ക്കാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മോദി തരംഗമല്ല, ഇ.വി.എം തരംഗമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ച ആരോപണം. ബി.ജെ.പി വന്‍ വിജയം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെജ്രിവാള്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശച്ചില്ല.