ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച.
ഇതിന് പുറമെ അക്രമത്തില്‍ കെജരിവാള്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് യോഗം വിളിച്ചിരിക്കുന്നത്. എംഎല്‍എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൗരത്വനിയമ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. അഞ്ച് പേരാണ് ഇതുവരെ സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.