രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ, എന്നിട്ട് പാക് ഹിന്ദുക്കളെ ശ്രദ്ധിക്കാം: മോദിക്ക് മറുപടിയുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും പാക് ഹിന്ദുക്കളെ അതിനുശേഷം ശ്രദ്ധിക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ നിയമം ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരുപോലെ മുറിപ്പെടുത്തുമെന്നും കെജ്രിവാള്‍ സൂചിപ്പിച്ചു. അഭിപ്രായപ്പെട്ട അദ്ദേഹം ഈ സമയത്ത് ഇത്തരമൊരു നിയമത്തിന്റെ ആവശ്യകത എന്താണെന്നും ചോദിച്ചു.

‘പൗരത്വം തെളിയിക്കാനുള്ള ആദ്യ പരീക്ഷണം മതമായി മാറുന്ന ഈ നിയമം ഈ സമയത്ത് എന്തിനാണ്? രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാറിലാണ്. വീടുകളില്ല, തൊഴിലുകളില്ല… നമ്മുടെ കുട്ടികള്‍ക്ക്… അപ്പോഴാണ് ഇവര്‍ രണ്ട് കോടി പാകിസ്ഥാനി ഹിന്ദുക്കളെ സ്വീകരിക്കാനൊരുങ്ങുന്നത്. പാക് ഹിന്ദുക്കളെ ഇത്ര സ്‌നേഹിക്കുന്നവര്‍ക്ക് വിഷമം അനുഭവിക്കുന്ന ഇന്ത്യന്‍ ഹിന്ദുക്കളെ കുറിച്ച് എന്താണ് പറയാനുള്ളത് ആദ്യം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ. അതിനുശേഷം നമുക്ക് എല്ലാവരെയും സ്വീകരിക്കാം’ ഒരു ദേശീയ ടെലിവിഷന്റെ സംവാദ പരിപാടിയില്‍ കെജ്രിവാള്‍ പറഞ്ഞു.

കേരളത്തിന്റെ മാതൃക പിന്തുടര്‍ന്ന് സിഎഎക്കെതിരെ നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കുമോയെന്ന ചോദ്യത്തിന് പാര്‍ലമെന്റാണ് ഈ നിയമത്തെ നിരാകരിക്കേണ്ടത് എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ‘നിയമസഭയില്‍ ബില്‍ പാസായോ പരാജയപ്പെട്ടോ എന്നത് വിഷയമല്ല. രാജ്യം മുഴുവന്‍ ഈ നിയമത്തെ നിരാകരിക്കണം. പാര്‍ലമെന്റ് ഈ നിയമത്തെ നിരാകരിക്കണം. ഈ നിയമം ഹിന്ദുക്കളെയും മുസ്‌ലിമുകളെയും ഒരുപോലെ മുറിവേല്‍പ്പിക്കും. ഇരുവിഭാഗങ്ങളും കുടിയിറക്കപ്പെടും. അദ്ദേഹം പറഞ്ഞു.